പാലാ: മഴ പെയ്തു തുടങ്ങിയാലുടൻ കെ.എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ചോരാൻ തുടങ്ങും. പിന്നെ ഒരു രക്ഷയുമില്ല. കാരണം തേടിപ്പോയവർ ഒടുവിൽ വില്ലനെ കണ്ടെത്തി. ആറുനില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് തഴച്ചുവളർന്നുനിൽക്കുന്ന ആൽമരമാണ് പ്രതി. ഇതിന്റെ വേര് താഴേക്കുള്ള അഞ്ചുനിലകളിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. വർഷങ്ങൾകൊണ്ടാണ് വേര് ഇത്രയും ആഴത്തിൽ വളർന്നുവന്നത്. ആദ്യമൊന്നും ഇതൊരു പ്രശ്നമല്ലായിരുന്നു. പക്ഷേ വേരിന്റെ ശക്തി കൂടിയതോടെ ഇതുണ്ടാക്കിയത് ചില്ലറ പൊല്ലാപ്പൊന്നുമല്ല. തിയേറ്റർ ബ്ലോക്കിന്റെ ഭിത്തിയിൽ വിള്ളൽ വീണു, മഴക്കാലത്ത് നനവ് കൂടി. ഭിത്തിയിൽ ഫംഗസ് ബാധിച്ചു. ഒടുവിൽ തീയേറ്റർ അടച്ചിടേണ്ട അവസ്ഥ വരെയെത്തി. ഒാരോ മഴക്കാലത്തും ഭിത്തി പെയിന്റ് അടിച്ച് അണുവിമുക്തമാക്കേണ്ടിയും വന്നു. പല നിലകളിലും ദുരിതമായതോടെ നിരവധി തവണ ആൽമരത്തിന്റെ കുറേ ശിഖരങ്ങളൊക്കെ വെട്ടിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം ആയിരുന്നില്ല. അവസാനം വേരുകൾ പിഴുതുമാറ്റാൻ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി അഭിലാഷ് തീരുമാനമെടുത്തു. എച്ച്.ഐ.സി സീനിയർ നഴ്‌സ് സിന്ധു പി. നാരായണന്റെ മേൽനോട്ടത്തിൽ, പാലാ ക്വിക്ക് റെസ്‌പോൺസ് ടീം മെമ്പറും മുൻ സൈനികനുമായ ജസ്റ്റിൻ എത്തി അപകടകരമായ രീതിയിൽ വളർന്നു നിന്നിരുന്ന വേരുകൾ പിഴുതു മാറ്റുകയായിരുന്നു. ഡ്രൈയ്‌നേജ് പൈപ്പിന്റെ ഇടയിൽ കൂടി അഞ്ചിലധികം നിലകളിലേക്ക് വ്യാപിച്ച വേരുകൾ മുറിച്ചുമാറ്റാൻ ഹോസ്പിറ്റൽ പ്ലംബർ ജിജോയും സഹായിച്ചു. മൂന്ന് മണിക്കൂർകൊണ്ടാണ് വേരുകൾ നീക്കം ചെയ്തത്. ഇതോടെ ആശ്വാസവാർത്തയുമെത്തി. ചോർച്ച മാറിയിരിക്കുന്നു.