jaison-manthottam

പാലാ: രാവിലെ 7.10 ന് ഏഴാച്ചേരി വഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസ് സർവീസ് ഡിപ്പോ അധികൃതരുടെ ''പുതിയ പരിഷ്‌കരണം'' വഴി ചക്കാമ്പുഴ കൊണ്ടാട് വഴി രാമപുരത്ത് എത്തിയപ്പോൾ ബസിൽ കയറിയത് നാലോ അഞ്ചോ യാത്രക്കാർ മാത്രം. 17 കിലോമീറ്റർ ഓടിയപ്പോൾ 100 രൂപ പോലും വരുമാനമില്ലാത്ത അവസ്ഥ. ഒരാഴ്ച മുമ്പുവരെയുണ്ടായിരുന്ന കൊണ്ടാട് സർവീസ് ആ വഴിക്കും ഏഴാച്ചേരി സർവ്വീസ് ആ വഴിക്കും അയച്ചിരുന്നെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നോ.

പാലാ ഡിപ്പോ അധികാരികളെ മാത്രം കുറ്റംപറഞ്ഞിട്ടും കാര്യമില്ല. ഏഴാച്ചേരി, കൊണ്ടാട് ഉൾപ്പെടെയുള്ള ഗ്രാമീണ റൂട്ടുകളിലെ സാധാരണ ജനങ്ങൾ യാത്രാക്ലേശത്തിൽ പൊറുതി മുട്ടുമ്പോൾ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. എം.പി.മാരും എം.എൽ.എ.യും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമൊക്കെ ഇഷ്ടംപോലെയുണ്ട്. ഒരാൾപോലും ഈ ജനകീയ വിഷയത്തിൽ ഇതേവരെ ഇടപെട്ടിട്ടില്ലായെന്നുള്ളതാണ് ഏറെ വിചിത്രം. ഗതാഗത വകുപ്പ് മന്ത്രിയുടെ ജില്ലാ പ്രസിഡന്റ് താമസിക്കുന്നത് ഏഴാച്ചേരി റൂട്ടിലാണ്. പാലാ ഡിപ്പോയിൽ ട്രിപ്പുകൾ റദ്ദാക്കി നടത്തുന്ന ഈ തോന്ന്യാസം മന്ത്രിയുമായി നേരിട്ട് അടുത്ത ബന്ധമുള്ള അദ്ദേഹംപോലും അറിയിച്ചിട്ടില്ലായെന്നുള്ളതാണ് ഖേദകരമായ വസ്തുത. സ്വന്തം വാഹനത്തിൽ പോകുവാൻ വഴിയില്ലാത്തവന്റെ ഏക യാത്രാമാർഗമാണ് പൊതുഗതാഗത സംവിധാനങ്ങൾ.

യാത്ര ചെയ്യേണ്ട ജനങ്ങൾ വേണമെങ്കിൽ പ്രതികരിച്ചോണമെന്ന നയമാണ് ജനപ്രതിനിധികളുടേത്. 104 ബസ് വരെ ഉണ്ടായിരുന്ന പാലാ ഡിപ്പോ ഇന്ന് പഴവണ്ടികളുമായി മുടന്തി നീങ്ങുകയാണ്.
ഡിപ്പോയുടെ മേൽക്കൂര വരെ പൊളിഞ്ഞു വീണു കൊണ്ടിരിക്കുന്നു. എന്നിട്ടും അധികാരികൾക്ക് മനമിളകുന്നില്ല. എവിടുന്നോ വരുന്ന ഓഫീസർമാർക്കാകട്ടെ യാത്രക്കാർ എങ്ങനെ പോയാലെന്ത് എന്ന സമീപനമാണ്. ഇതിന് മുമ്പുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ എങ്ങനെയും കൂടുതൽ സർവ്വീസുകൾ നടത്താൻ ആലോചിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളവർ എങ്ങനെയൊരു ട്രിപ്പ് നിർത്താമെന്നാണ് ഗവേഷണം നടത്തുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.

പാലാ ഡിപ്പോ അധികാരികൾക്കെതിരെ പരാതി നൽകും


പാലാ ഡിപ്പോയിൽ നിന്നുള്ള ഗ്രാമീണ റൂട്ടുകൾ നിർത്താൻ വെമ്പൽ കൊള്ളുന്ന ഡിപ്പോ അധികാരികൾക്കെതിരെ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ജോസ് കെ. മാണി എം.പി. തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺ മന്തോട്ടം പറഞ്ഞു.