വൈക്കം: സ്വന്തം മണ്ണിൽ വിത്തുപാകി പരിപാലിച്ച് വളർത്തി വിളവെത്തിയ നെൽക്കതിരുകൾ വൈക്കത്തപ്പന്റെ തിരുനടയിൽ നിറപുത്തരിക്കായി സമർപ്പിക്കാൻ ഇക്കുറിയും ഓമന മുരളീധരൻ.
പ്രത്യേകം ഒരുക്കിയ ഒരു സെന്റ് സ്ഥലത്താണ് മാലിന്യങ്ങൾ കയറാതെ ജൈവവളപ്രയോഗത്തിൽ കൃഷി നടത്തിയത്. ഓരോ വർഷവും വൈക്കം ക്ഷേത്രത്തിലെ നിറയും പുത്തരിയുടെ ദിവസങ്ങൾ എത്തുമ്പോൾ ഓമനയുടെ കൃഷിയും കതിരണിഞ്ഞ് വിളവെത്തും. 5 വർഷമായി വൈക്കത്തപ്പന്റെ നിറപുത്തരിക്ക് ഓമന വിളയിക്കുന്ന നെൽക്കതിരുകൾ സമർപ്പിക്കുന്നു. കാലവർഷത്തെ കനത്ത മഴയിൽ വിളവ് നശിക്കാതെ പ്രത്യേക കരുതലോടെയാണ് ഓമന ഇക്കുറിയും കൃഷിയെ വിളവിലെത്തിച്ചത്. വൈക്കം ക്ഷേത്രം ഉപദേശകസമിതി അംഗവുമാണ് കാർഷിക നേഴ്‌സറി ഉടമകൂടിയായ വൈക്കം പുല്ലംവേലിൽ ഓമന മുരളീധരൻ. പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച ഭർത്താവ് മുരളീധരനും കൃഷിനടത്തിപ്പിനായി ഒപ്പമുണ്ട്. ഞാറാഴ്ച രാവിലെ കതിർക്കെട്ടുകൾ തലയിൽ ചുമന്ന് ഓമന വൈക്കത്തപ്പന് തിരുനടയിൽ സമർപ്പിക്കും. തിങ്കളാഴ്ച പുലർച്ചെയാണ് വൈക്കം ക്ഷേത്രത്തിൽ നിറയും പുത്തരിയും.