പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ പ്രദേശത്ത് പ്രവർത്തിക്കുന്ന പാറമടകളുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്ന് മീനച്ചിൽ താലൂക്ക് വികസന യോഗത്തിൽ പരാതി. കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ തോമസ് മഠത്തിപറമ്പിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ യോഗത്തിൽ നേരിട്ടെത്തിയാണ് പരാതി നല്കിയത്.
കുടക്കച്ചിറ സെന്റ് ജോസഫ് സ്‌കൂൾ സമീപത്ത് 250 മീറ്റർ മാറിയുള്ള പാറമടയിലെ പാറപൊട്ടിക്കൽ മൂലം സ്‌കൂൾ കുട്ടികളും പരിസരവാസികളും ഏറെ ഭയത്തോടെയാണ് കഴിയുന്നതെന്ന് പരാതിക്കാർ പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ ബാലാവകാശ കമ്മീഷന് പരാതി നല്കും. പാലാ ആർ.ഡി. ഒ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി തുടർ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. 28 വില്ലേജുകളിലെയും അനധികൃത ഖനനം നിർത്തിവയ്പ്പിച്ച് നടപടി സ്വീകരിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. ആർ. ഡി. ഒ കെ.പി ദീപ, ജോസുകുട്ടി പൂവേലിൽ, ആന്റണി ഞാവള്ളി പി.എസ്് ബാബു ഔസേപ്പച്ചൻ ഓടയ്ക്കൽ, ജോയി കളരിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.