rrr

കോട്ടയം: പന്ത്രണ്ട് വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലേയ്ക്ക് റബർ എത്തിയതോടെ സന്തോഷത്തിന്റെ നെറുകയിലാണ് കർഷകർ. ലാറ്റക്സും ഒട്ടുപാലുമാക്കിയിരുന്നവർ റബർ വില ഉയർന്നതോടെ ഷീറ്റിലേയ്ക്ക് തിരിഞ്ഞു. ജില്ലയിൽ ഇന്നലെ 255 രൂപയ്ക്ക് വരെ വ്യാപാരം നടന്നു. ടയർ കമ്പനികൾ മാത്രമാണ് കഴിഞ്ഞദിവസങ്ങളിൽ ചരക്ക് വാങ്ങിയിരുന്നത്. ഇന്നലെ വിപണിയിലുണ്ടായിരുന്ന പ്രമുഖ ടയർ കമ്പനികൾ എല്ലാം റബർ ബോർഡ് വിലയ്ക്കു മാത്രമാണ് വാങ്ങിയത്. എന്നാൽ ചെരിപ്പ് കമ്പനികൾ ഉൾപ്പെടെ 250 രൂപയ്ക്ക് വരെ വാങ്ങിയതോടെ റബർ വിലയിൽ പുതിയ ചരിത്രം പിറക്കുകയായിരുന്നു. കുറഞ്ഞ അളവിൽ മാത്രമായിരുന്നു വ്യാപാരമെങ്കിലും റെക്കോർഡ് വിലയിൽ കച്ചവടം നടന്നതിന്റെ ആഹ്ളാദത്തിലാണ് കർഷകരും വ്യാപാരികളും.

ശുഭസൂചന, ടാപ്പിംഗ് പുനരാരംഭിച്ചു

രാജ്യാന്തര വില താഴുമ്പോഴും ആഭ്യന്തരവിപണിയിലെ ഉയർച്ച മലയോരകർഷകരെ ഹാപ്പിയാക്കുന്നു. അതേസമയം ടാപ്പിംഗ് നിറുത്തിയവരും ഇപ്പോൾ പുനരാരംഭിച്ചു. മൂന്നു ദിവസത്തിനുള്ളിൽ നാലു രൂപ വർദ്ധിച്ചു ബാങ്കോക്ക് വില 204.63 രൂപയിൽ എത്തിയെങ്കിലും ആഭ്യന്തര വിലയേക്കാൾ 40 രൂപയിലേറെ കുറവാണ്.

വിലകൂട്ടിയത്

ആഭ്യന്തര വിപണിയിൽ റബറിന് ക്ഷാമം

മഴക്കാല ടാപ്പിംഗ് കുറഞ്ഞു, റെയിൻ ഗാർഡിംഗ് നടന്നില്ല

മേയ്- ജൂലായിലെ ലാറ്റക്സിന്റെ വിലക്കയറ്റം ഷീറ്റ് നിർമാണം കുറച്ചു

കുറഞ്ഞു നിന്ന രാജ്യാന്തരവില ഇപ്പോൾ 200 കടന്നത്

മേയ്-ജൂൺ മാസങ്ങളിലെ കണ്ടെയ്നർ ക്ഷാമം ചരക്കുനീക്ക ചെലവ് കൂട്ടി

ഇറക്കുമതി ഭീഷണി

ഒരു ലക്ഷം ടൺ ഇറക്കുമതി റബർ എത്തുമെന്നും ഇതുമൂലം വില കുറഞ്ഞേക്കുമെന്ന സൂചന വ്യാപാരികൾ നൽകുന്നുണ്ട്. ആദ്യഘട്ടമായി മൂന്നു കമ്പനികൾ ചേർന്ന് ഇറക്കുമതി ചെയ്യുന്ന 6000 ടൺ റബർ അടുത്തയാഴ്ച ആദ്യമെത്തും. ഇത് ചെറിയ തോതിൽ വില കുറയാൻ കാരണമാകും. അനുകൂല കാലാവസ്ഥയെത്തുടർന്ന് ലഭിക്കുന്ന ടാപ്പിംഗ് ദിനങ്ങൾ വിപണിയെ മാന്ദ്യത്തിലാക്കുമെന്ന് ആശങ്കയുണ്ട്.

2011-12ൽ വില: 243

ഇപ്പോൾ: 255 വരെ