ksrtc-111

കോട്ടയം: കെ.എസ്.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിലേക്ക് പുതുതായി അനുവദിച്ചത് 39 ബസുകൾ. അതിൽ ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് എത്ര കിട്ടിയെന്ന് ചോദിച്ചാൽ അധികൃതർ തലതാഴ്ത്തും. കാരണം മലയോര മേഖല ഒന്നാകെ ആശ്രയിക്കുന്ന പേട്ടയ്ക്ക് ഒന്നുമില്ല.

അധികൃതരുടെ അനാസ്ഥയാണ് ബസുകൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ഇതിനിടെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

കൊവിഡിന് മുമ്പ് വരെ എറണാകുളം സോണിലെ ഏറ്റവും മികച്ച ഡിപ്പോയെന്ന എന്ന അംഗീകാരം ഈരാറ്റുപേട്ടക്ക് ലഭിച്ചിരുന്നു. 80 ബസുകൾ വരെ ഡിപ്പോയിലുണ്ടായിരുന്നു. നിലവിൽ 32 ബസുകൾ മാത്രമാണ് ഡിപ്പോയിലുള്ളത്. ലാഭത്തിലുള്ള പല സർവീസും നിർത്തലാക്കി. വിശാലമായ ഗ്യാരേജും വിപുലമായ വർക്ക് ഷോപ്പും ഉൾപ്പടെയുള്ള ഡിപ്പോയിക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞ ഭരണകാലത്താണ് 1.5 കോടി ചെലവിട്ട് പുതിയ കെട്ടിടവും നിർമിച്ചിരുന്നു. മികച്ച വരുമാനമുണ്ടായിരുന്ന രണ്ട് ബസുകളാണ് ജി.പി.എസ് ഇല്ലാത്തതിന്റെ പേരിൽ സർവീസ് നിറുത്തിയത്. സ്വകാര്യബസുകളുടെ റൂട്ടുകൾ ഏറ്റെടുത്ത് ടേക്ക് ഓവർ സർവീസുകൾ നടത്തുന്നതിന് പുതിയ ബസുകൾ ആവശ്യമാണെങ്കിൽ അറിയിക്കണമെന്ന് ഗതാഗതമന്ത്രിയുടെ ഓഫിസിൽ നിന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഡിപ്പോ അധികൃതർ തുടർനടപടികൾ സ്വീകരിച്ചില്ല.

ഡിപ്പോകൾക്ക് അനുവദിച്ച ബസുകൾ


കോട്ടയം: 8
ചങ്ങനാശേരി: 6
പാലാ : 14
എരുമേലി: 8
പൊൻകുന്നം: 2
വൈക്കം: 1

എട്ട് വർഷമായി ഡിപ്പോയ്ക്ക് ഒരു പുതിയ ബസ് പോലും അനുവദിച്ചിട്ടില്ല.

മലയോരമേഖലയിലെ ആയിരക്കണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന ഡിപ്പോയാണിത്. ഇതിന് അനുസരിച്ച് സർവീസുകൾ നടത്താൻ നടപടി വേണം.

(യാത്രക്കാരും ജീവനക്കാരും)