കോട്ടയം: ഓണക്കാലം അടുക്കുകയാണ്... അതിന്റെ പ്രതിഫലനം പഴവിപണിയിൽ വിലയിൽ കണ്ടുതുടങ്ങി. നാടൻ ഏത്തക്കായ്ക്കൊപ്പം പൂവൻ പഴത്തിന്റെയും മറ്റ് ചെറുപഴങ്ങളുടേയും വില ഉയർന്നു. നാടൻ പഴങ്ങൾ കിട്ടാനുമില്ല.
നാടൻ ഏത്തക്കായുടെ വില കിലോയ്ക്ക് 80 രൂപയായി ഉയർന്നു. മൊത്ത വില 65 രൂപയാണ്. വയനാടൻ ഏത്തക്കായ്ക്ക് 70 രൂപയാണ് ചില്ലറ വില. മൊത്ത വില 58 രൂപയും. പൂവൻ പഴത്തിന് 80 രൂപയാണ്. മൊത്ത വില 50 രൂപയും. ഞാലിപ്പൂവൻ വില 100 ലേക്കെത്തി. മൊത്ത വില 60 രൂപയാണ്. പാളയംതോടന് 50 രൂപ വരയ്ക്കാണ് കച്ചവടം. കിലോയ്ക്ക് 40 രൂപയ്ക്കു വിറ്റിരുന്ന റോബസ്റ്റയുടെ വില 60 ലേക്കെത്തി.
സീസണിലും റമ്പുട്ടാന് തീവില
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉത്പാദനം കുറഞ്ഞതോടെ റമ്പുട്ടാൻ വിലയും ഉയർന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണ്. കൂടാതെ വൻതോതിൽ കൊഴിഞ്ഞു പോകുന്നുണ്ട്. കച്ചവടക്കാർ റമ്പൂട്ടാൻ മൊത്തമായി ഉടമ്പടിക്കെടുത്തിരിക്കുകയാണ്. അവർ തന്നെയാണ് വലയിടുന്നതും വിളവെടുക്കുന്നതും.