മുണ്ടക്കയം: തങ്ങളെ പറഞ്ഞുപറ്റിച്ചവർക്കുള്ള മറുപടിയാണ് തോപ്പിൽക്കടവിൽ ഉയരുന്ന ഹൈടെക് തൂക്കുപാലം. അവഗണിച്ചവരോട് നാട്ടുകാരുടെ മധുരപ്രതികാരം. പ്രദേശവാസികൾ കൈകോർത്തതോടെ കുത്തിയൊഴുകുന്ന അഴുതയാറിന് കുറെ രണ്ടാഴ്ചയ്ക്കുള്ലിൽ തൂക്കുപാലം പൂർത്തിയാകും. 2018 ആഗസ്റ്റ് 15നുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും അഴുതയാർ കരകവിഞ്ഞ് വലിയ മരത്തടികൾ വന്ന് ഇടിച്ചതോടെയാണ് തോപ്പിൽക്കടവിലെ കോൺക്രീറ്റ് പാലം തകർന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന തൂക്കുപാലത്തിന് പകരമായി നിർമ്മിച്ച പാലമാണ് അന്ന് പുഴയോട് ചേർന്നത്. കോട്ടയം –ഇടുക്കി ജില്ലാ അതിർത്തിയായതിനാൽ പിറ്റേന്ന് തന്നെ എം.എൽ.എമാർ ഉൾപ്പെടെയെത്തി പുതിയ പാലം നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും എല്ലാം വെറുംവാക്കായിരുന്നു. അക്കരെ പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കല്ലിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ കുഴിമാവ് വഴി ചുറ്റിയായിരുന്നു യാത്ര. ആറ്റിൽ വെള്ളം കുറയുന്ന സമയം ചങ്ങാടത്തെ ആശ്രയിക്കും. മണ്ണുപരിശോധനകൾ വരെ നടത്തിയെങ്കിലും പാലം മാത്രം ഉയർന്നില്ല.
ആശയം ജനകീയ സമിതിയുടേത്
തൂക്കുപാലമെന്ന ആശയം ജനകീയ സമിതിയാണ് മുന്നോട്ടുവെച്ചത്. ആദ്യം സംഭാവന പിരിച്ചു. അങ്ങനെ നിർമാണം തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടും സാങ്കേതികകാരണങ്ങളാലും ഇടയ്കക്ക് നിർമ്മാണം മുടങ്ങി. സന്നദ്ധസംഘടനകളുടെയും, വനംവകുപ്പ്, ഇഡിസി,വ്യക്തികൾ, മതസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പാലം അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം നിർമ്മണ ചെലവ് ജനകീയ കമ്മിറ്റി നാട്ടുകാരെ അറിയിക്കും.