കോട്ടയം: ചിറക്കുളം റോഡിൽ ഇനി മാലിന്യം കാണില്ല. കാൽനടയാത്രക്കാർക്ക് ധൈര്യമായി ഇതുവഴി സഞ്ചരിക്കാം. ഏറ്റുമാനൂർ നഗരസഭാ ഓഫീസിന് മുന്നിലൂടെ കടന്നു പോകുന്ന റോഡാണ് ഇത്. നഗരസഭയുടെ മുന്നിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനാണ് ചിറക്കുളം റോഡ് അടച്ചുകെട്ടിയത്. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം വൈകിയതിനെ തുടർന്ന് പ്രദേശം കാടുകയറി മാലിന്യങ്ങൾ നിറഞ്ഞ നിലയിലായിരുന്നു. കാടുപിടിച്ചു കിടന്നിരുന്ന പ്രദേശം തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും മദ്യപരുടെയും വിഹാര കേന്ദ്രവുമായി. നഗരസഭാ ഓഫീസിന് മുൻവശം തന്നെ കാടുകയറി കിടക്കുന്നത് വിമർശനങ്ങൾക്കും ഇടയാക്കി.
നാട്ടുകാരുടെയും വ്യാപാരികളുടെയും അടക്കമുള്ള ആവശ്യം മുൻനിർത്തി റോഡ് കാൽനടയാത്രക്കാർക്ക് ആയി തുറക്കാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു. ഇതിനായി റോഡ് സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. റോഡരികിലെ മാലിന്യങ്ങളും കാടും നീക്കം ചെയ്യുന്നതോടെ ഇതുവഴിയുള്ള കാൽനടയാത്ര സുഗമമാകും. മാലിന്യമുക്തം നവകേരളം പരിപാടിയിൽ ഉൾപ്പെടുത്തിയാണ് റോഡിന് ഇരുവശവും വൃത്തിയാക്കുന്നത്. ഒരുമാസം മുമ്പ് റോഡ് തുറക്കാൻ നടപടി ആരംഭിച്ചിരുന്നെങ്കിലും മഴ മൂലം നീളുകയായിരുന്നു.
ചിറക്കുളത്തിന് സമീപ പ്രദേശത്ത് പൂക്കളും മറ്റും വച്ചു പിടിപ്പിച്ച് മനോഹരമാക്കാനും ആളുകൾക്ക് വിശ്രമിക്കാനായി ബഞ്ചുകളും മറ്റും സ്ഥാപിക്കുന്നതിനും ആലോചനയുണ്ട്. കാൽനടയാത്രക്കാർക്കായി റോഡ് തുറക്കുന്നത് ഇവിടുള്ള വ്യാപാരസ്ഥാപനങ്ങൾകും ഗുണകരമായി മാറും.
വൃത്തിയാക്കൽ പൂർത്തിയാകുന്നതോടെ ടൗണിൽ നിന്നും ആളുകൾക്ക് നഗരസഭാ ഓഫീസിലേക്കും ബസ് സ്റ്റാന്റഡിലേക്കും ചിറക്കുളം റോഡ് വഴി എളുപ്പം എത്താൻ കഴിയും.
-ബീന ഷാജി, നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ.