rnjth

കോട്ടയം: നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പൊന്നിൻ തിളക്കവുമായി ഏറ്റുമാനൂർ സ്വദേശി ആർ.ശ്രീജിത്ത്. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന 16ാമത് നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലാണ് സീനിയർ വിഭാഗം ഫ്രീ ഹാൻഡ് മത്സരത്തിൽ ശ്രീജിത്ത് കേരളത്തിന് വേണ്ടി സ്വർണമെഡൽ കരസ്ഥമാക്കിയത്. 65 മുതൽ 80 കിലോ വരെയുള്ള വിഭാഗത്തിലായിരുന്നു മത്സരം. ഫൈനലിൽ ഹരിയാന സ്വദേശിയെ തോൽപ്പിച്ചാണ് ശ്രീജിത്ത് സ്വർണം നേടിയത്. കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ആസാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മത്സര രംഗത്ത് ഉണ്ടായിരുന്നു. എട്ടാം ക്ലാസ് മുതൽ ചെറുവാണ്ടൂർ ശ്രീപതി സി.വി.എൻ കളരിയിൽ നിന്നും ശ്രീജിത്ത് കളരി അഭ്യസിച്ചിരുന്നു. ചെറുവാണ്ടൂർ കെ.ജി മുരളീധര ഗുരുക്കൾ സ്ഥാപിച്ച ശ്രീപതി സി.വി.എൻ കളരിയിലെ മുഖ്യപരിശീലകനും മുൻ കളരി ചാമ്പ്യനും പൊലീസ് സബ് ഇൻസ്‌പെക്ടറുമായ മനോജ് മുരളീധര ഗുരുക്കൾ, സഹോദരൻ ബിജു മുരളീധര ഗുരുക്കളുടെയും കീഴിലാണ് പരിശീലനം നേടിയത്. ഏറ്റുമാനൂർ സരസ്വതി മന്ദിരം വീട്ടിൽ രാജുവിന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രീജിത്ത്. ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. കളരി ഇൻസ്‌ട്രക്ടറാകണമെന്നാണ് ശ്രീജിത്തിന്റെ ആഗ്രഹം.