ksrtc

പാലാ: പാലാ ഡിപ്പോയിൽ നിന്നും ഗ്രാമീണ സർവീസുകൾ വെട്ടിക്കുറച്ച സംഭവത്തിൽ മാണി സി. കാപ്പൻ എം.എൽ.എ ഇടപെടുന്നു. ബന്ധപ്പെട്ടവരുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേർക്കുമെന്ന് എം.എൽ.എ അറിയിച്ചു. രാവിലെ 11 ന് അരുണാപുരം പി. ഡബ്‌ള്യു. ഡി റെസ്റ്റ് ഹൗസ് ഹാളിൽ ചേരുന്ന യോഗത്തിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ട്രാഫിക് അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, സ്വയംതൊഴിൽ സംരംഭകർ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, ബസ് പാസഞ്ചേഴ്‌സ് പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുക.
പാലാ രാമപുരം ഏഴാച്ചേരി, ചക്കാമ്പുഴ കൊണ്ടാട് വഴിയുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതു സംബന്ധിച്ച് 'കേരള കൗമുദി' തുടർവാർത്തകൾ പ്രസിദ്ധീകരിച്ചതോടെ ബസ് സർവീസുകൾ പുനരാരംഭിച്ചെങ്കിലും അതിലും അപാകതകൾ ഉണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇന്നലെ രാവിലെ 7.10 ന് പാലായിൽ നിന്ന് ഏഴാച്ചേരി വഴിക്ക് പോകേണ്ട ബസ് ചക്കാമ്പുഴ കൊണ്ടാട് വഴി പോയപ്പോൾ രാമപുരം വരെ കേവലം 50 രൂപയിൽ താഴെ മാത്രമേ കളക്ഷൻ ലഭിച്ചുള്ളൂ.

ഗ്രാമീണ മേഖലയിലെ യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയ ഗതാഗത പരിഷ്‌കാരം
പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികാരികൾ നടപ്പാക്കിയിട്ടും ബന്ധപ്പെട്ട ജനപ്രതിനിധികളാരും പ്രശ്‌നത്തിൽ ഇടപെടാത്ത കാര്യം 'ജനപ്രതിനിധികൾ മാളത്തിലൊളിച്ചോ?' എന്ന തലക്കെട്ടിൽ 'കേരള കൗമുദി ' ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്നാണ് പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും ബസ് സൗകര്യം ഇല്ലാത്തതും യാത്രാക്ലേശം അനുഭവിക്കുന്നതുമായ ഗ്രാമീണ മേഖലകളെ കൂട്ടിയിണക്കി യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനുമായി ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം മാണി സി കാപ്പൻ എം.എൽ.എ നേരിട്ട് ജനകീയ സദസ് സംഘടിപ്പിക്കുന്നത്.

ഗ്രാമീണ മേഖലയിലെ റോഡുകളെ നഗര റോഡുകളുമായി ബന്ധിപ്പിച്ച് പുതിയ റൂട്ടുകൾ ക്രമീകരിക്കാനാണ് ആലോചന. നിയോജക മണ്ഡലത്തിലെ ചില പ്രദേശങ്ങളിലൂടെ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തലാക്കിയതിൽ വ്യാപക പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് ചർച്ച ചെയ്ത് പൊതുജനാഭിപ്രായം സ്വരൂപിക്കാനും യോഗം ലക്ഷ്യമിടുന്നു.