ചങ്ങനാശേരി : നഗരത്തിലെ വിവിധ സ്‌ഥലങ്ങളിലെ ഇന്റർനെറ്റ്, ടെലിവിഷൻ കേബിളുകൾ മുറിച്ചു മാറ്റിയതായി പരാതി. പൊലീസ് നടത്തിയ പരിശോധനയിൽ മാനസികാസ്വാസ്‌ഥ്യമുള്ളയാളാണ് കേബിളുകൾ മുറിച്ചു മാറ്റിയതെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് പോസ്‌റ്റുകളിലെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഇയാൾ മുറിച്ചു മാറ്റിയത്. ഇതോടെ പലയിടങ്ങളിലെയും ഇന്റർനെറ്റ്, ടെലിവിഷൻ സേവനം തടസപ്പെട്ടു. കേബിൾ നെറ്റ്‌വർക്ക് ജീവനക്കാർ സിസിടിവി പരിശോധനയിലൂടെ ആളെ തിരിച്ചറിഞ്ഞു. തുടർന്ന് രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ നഗരത്തിൽ നിന്നും ആളെ കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് ഇയാളെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. പാറേൽപള്ളി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന കൈരളി കേബിൾ വിഷന്റെ മാത്രം 15,000 രൂപയുടെ കേബിളുകളാണ് നശിപ്പിച്ചത്.