17

കോട്ടയം: റബർ വില പുത്തൻ റെക്കോർഡുകൾ ഭേദിക്കുമ്പോൾ അത്രകണ്ട് സന്തോഷത്തിലല്ല ഭൂരിഭാഗം കർഷകർക്കും. തൊഴിലാളികളുടെ ക്ഷാമവും ഷീറ്റാക്കുന്ന റോളർ മിഷ്യനുകളുടെ കുറവും ഒരുവശത്ത്. റബർ വില വർദ്ധനവിന്റെ പേരിൽ ടയറും ചെരുപ്പും ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങളുടെ വില വർദ്ധനവ് മറ്റൊരു വശത്ത്. അവശ്യസാധനങ്ങളുടെ വിലവ‌ർദ്ധനവ് കണക്കാക്കുമ്പോൾ ഇപ്പോഴത്തെ റബർ വിലയിൽ കാര്യമില്ലെന്നാണ് പലരും പറയുന്നത്.
12 വർഷത്തിന് ശേഷമാണ് റബറിന് റെക്കോർഡ് വില. അന്ന് 243 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 255 രൂപ വരെയെത്തി. എന്നാൽ പന്ത്രണ്ട് വർഷം കൊണ്ട് പന്ത്രണ്ട് രൂപയുടെ വ്യത്യാസമുണ്ടാകുമ്പോൾ ജീവിതനിലവാരും ചെലവും അതിന്റെ നൂറിരട്ടിയിലേറെ വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് വിലക്കയറ്റത്തിന്റെ നേട്ടം പൂർണമായും കർഷകർക്ക് ലഭിക്കില്ലെന്ന വാദം. വില 300 കടന്നാൽ മാത്രമേ നേട്ടമുള്ളൂവെന്നാണ് കർഷകരിൽ പലരും പറയുന്നത്.

ടാപ്പിംഗ് തുടങ്ങാം, പക്ഷേ ആളില്ല

തോട്ടങ്ങളിൽ ടാപ്പിംഗ് പുനരാരംഭിക്കാനിരിക്കെ തൊഴിലാളികളെ കിട്ടാത്ത് സാഹചര്യമുണ്ട്. റബർ ടാപ്പ് ചെയ്യാൻ മാത്രമേ പരമാവധി ആളുകളുള്ളൂ. കറയെടുത്ത് ഷീറ്റാക്കാൻ ആർക്കും താത്പര്യവുമില്ല. ഇതെല്ലാം ചെയ്യിക്കാനുള്ള കൂലി കണക്ക് കൂട്ടുമ്പോൾ നിലവിലെ റബർ വിലകൊണ്ട് പോലും കാര്യമായ ഗുണില്ലാത്ത അവസ്ഥയാണ്. റബർ വില ഇടിഞ്ഞുതാഴ്ന്നപ്പോൾ ഷീറ്റാക്കുന്ന റോളർ മിഷ്യൻ ഉൾപ്പെടെ പലരും വിറ്റിരുന്നു. ഇതിന് ശേഷം ഒട്ടുപാലോ ലാറ്റക്സോ ആക്കുകയായിരുന്നു പതിവ്. ഇപ്പോൾ റബർ പാൽ ഉറയൊഴിച്ചാലും റോളർ മിഷ്യന്റെ കുറവ് കർഷകരെ കുഴപ്പിക്കുന്നു. ഇതിനിടെ ഇല കൊഴിച്ചിൽ മൂലം ഉത്പാദനം പകുതിയായി.

വിലയ്ക്കൊപ്പം ഉയരുന്ന ആശങ്ക

റബർ ഉത്പ്പന്നങ്ങളുടെ വില കൂടും, പിന്നീട് കുറയില്ല

തൊഴിലാളികൾ കൂലി വർദ്ധനവ് ആവശ്യപ്പെടും

പുതുതലമറയിൽ ടാപ്പിംഗ് പരിശീലനം ലഭിച്ചവർ നന്നേകുറവ്

നിസാര കാര്യങ്ങളുടെ പേരിൽ കിലോയ്ക്ക് 10 രൂപ കുറച്ച് വ്യാപാരികൾ

 ഷീറ്റും ഒട്ടുപാലും ഉണങ്ങാനിട്ടാൽ മോഷണം

റബർ ഉത്പാദനം വർദ്ധിപ്പിച്ച്, നല്ല വിലയുടെ പ്രയോജനം കർഷകർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം

റബർ ബോർഡ്