കോട്ടയം: ദേശീയ വടംവലി മത്സരത്തിൽ സുവർണ നേട്ടവുമായി കുമരകം എസ്.കെ.എമ്മിലെ വിദ്യാർത്ഥികൾ. ആഗ്രയിൽ നടന്ന നാഷണൽ ടഗ് ഓഫ് വാർ (ദേശീയ വടം വലി) മത്സരത്തിൽ കോട്ടയം ജില്ലയിൽ നിന്നും കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുത്ത കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ അക്ഷയ് കെ.ജറിൻ, വിനീത് ഗിരീഷ്, ഗൗതം കൃഷ്ണ, വി.ആർ കാർത്തികേയൻ, അശ്വിൻ സജീവ് എന്നീ താരങ്ങൾ മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും ഉൾപ്പെടെ മിന്നും വിജയം കരസ്ഥമാക്കി. ജേതാക്കളെ സ്‌കൂൾ മാനേജർ എ.കെ ജയപ്രകാശ്, പി.ടി.എ പ്രസിഡന്റ് പി.സി അഭിലാഷ്, ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു, സ്റ്റാഫ് സെക്രട്ടറി സുജ പി. ഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും ജീവനക്കാരും ചേർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. കായികരംഗത്ത് നിരവധി ദേശീയ അവാർഡുകൾ എസ്.കെ.എം സ്‌കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. വജ്രജൂബിലി നിറവിൽ നിൽക്കുന്ന സ്‌കൂളിന് കിട്ടിയ ഈ നേട്ടം കൂടുതൽ ആർജ്ജവമാകുമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. രണ്ട് കായിക അദ്ധ്യാപകരാണ് സ്‌കൂളിലുള്ളത്. എല്ലാ ദിവസവും കായിക പരിശീലനവും നടക്കുന്നുണ്ട്. ഇന്ന് സ്‌കൂൾ അസംബ്ലിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ദേവസ്വം ഭാരവാഹികൾ, പി.ടി.എ പ്രതിനിധികൾ, സ്‌കൂൾ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ജേതാക്കൾക്കും പരിശീലകനായ ഹരിയ്ക്കും ആദരവ് നൽകും.