ചങ്ങനാശേരി: ശുദ്ധജലം ലഭിക്കാതായതോടെ എക്സൈസ് സർക്കിൾ ഒാഫീസിന്റെ പ്രവർത്തനം താളം തെറ്റി. വനിതകൾ ഉൾപ്പെടെ 35 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ശുദ്ധജലം കിട്ടാതായിട്ട് രണ്ടാഴ്ചയായി. പൈപ്പിലൂടെ കാറ്റ് മാത്രമാണ് ഇപ്പോൾ വരുന്നത്. വാട്ടർ അതോറിറ്റിയിൽ പരാതി പറഞ്ഞ് മടുത്ത ജീവനക്കാർ സ്വന്തം കയ്യിൽനിന്ന് കാശ് മുടക്കി വെള്ളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കുകയാണ് ഇപ്പോൾ.
ജല വിതരണം മുടങ്ങിയതോടെ ശൗചാലയത്തിനായി കോടതി കോംപ്ലക്‌സിലും റവന്യൂ ടവറിനെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ ജോലിക്കിടയിൽ ശൗചാലയത്തിനായുള്ള ഓട്ടം കാരണം ജീവനക്കാർ വലഞ്ഞു. കൂടാതെ ലോക്കപ്പിലെ പ്രതികൾക്കും ശൗചാലയം സൗകര്യം വേണ്ടതിനാൽ പിരിവെടുത്ത് വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. എന്നാൽ ദേശീയപാത അതോറിറ്റി പൈപ്പ് അറ്റകുറ്റപ്പണിക്ക് അനുവാദം നൽകാൻ താമസിച്ചത് കാരണമാണ് അറ്റകുറ്റപ്പണി വൈകിയതെന്ന് ജലഅതോറിറ്റി പറയുന്നു. ഇപ്പോൾ അനുമതി ലഭിച്ചതായും ഇന്ന് തന്നെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും പറഞ്ഞു. വെള്ളം മാത്രമല്ല പ്രശ്‌നം 35ഓളം ജീവനക്കാർ പ്രവർത്തിക്കുന്ന എസൈസ് കെട്ടിടത്തിന് മതിയായ അടിസ്‌ഥാന സൗകര്യവുമില്ല. സമീപത്ത് തന്നെ പുതിയ കെട്ടിടം വരുന്നുണ്ടെങ്കിലും താൽക്കാലികമായ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യമുണ്ട്. വളപ്പിനുള്ളിൽ കേസുകളിൽ പിടികൂടിയ വാഹനങ്ങൾ മുഴുവൻ കാട് കയറി. ഇത് കാരണം ഓഫീസിനുള്ളിൽ ഇഴജന്തു ശല്യവും വ്യാപകമാണ്. നിലവിൽ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.