കോട്ടയം: കടപ്പൂര് അതിസുന്ദരം... ഒപ്പം അതിനോട് ഇഴകിച്ചേർന്ന് 60 ഓളം ഇനം പക്ഷികളും. പക്ഷിവൈവിധ്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിലാണ് പാതിരാകൊക്ക്, കുറുകണ്ണൻ,കാട്ടുപുള്ള് ഉൾപ്പെടെയുള്ളവയെ കടപ്പൂരിൽ കണ്ടെത്തിയത്.
കടപ്പൂരിൽ വില്ലേജ് ടൂറിസം പദ്ധതി ആവിഷ്‌കരിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് പാമ്പാടി വെള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ വിവരശേഖരണം നടന്നത്.
മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനസംയോജന പദ്ധതിയുടെയും കടപ്പൂർ വില്ലേജ് ടൂറിസം കൂട്ടായ്മയുടെയും പങ്കാളിത്തത്തോടെ നടത്തിയ സർവേയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 50ൽ അധികം പേർ പങ്കെടുത്തു. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ചീനങ്കരിച്ചാൽ, കോഴിച്ചാൽ, വട്ടുകുളം എന്നിവിടങ്ങളിലാണ് സർവേ നടന്നത്. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ഫാക്കൽറ്റിമാരായ ഡോ.കെ.എബ്രഹാം സാമുവൽ, എം.എൻ അജയകുമാർ, ടോണി ആന്റണി, കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ അദ്ധ്യാപികയായ ഡോ.സരിത രാമചന്ദ്രൻ, കടപ്പൂര് വില്ലേജ് ടൂറിസം കൂട്ടായ്മ പ്രതിനിധി ബിജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വില്ലേജ് ടൂറിസം പദ്ധതി സാദ്ധ്യതയും:
മലിനീകരണങ്ങൾ അധികം ബാധിക്കാത്ത സമതല ഭൂപ്രദേശമാണ് കാണക്കാരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കടപ്പൂര്. വയലുകളും തെങ്ങിൻതോപ്പുകളും റബർ തോട്ടങ്ങളുമൊക്കെയായി ഗ്രാമീണതയുടെ എല്ലാ സൗന്ദര്യ സങ്കൽപ്പങ്ങളും ഇവിടെയുണ്ട്. ദേശാടനക്കിളികൾ ഉൾപ്പെടെ ഇവിടെ ധാരാളമുണ്ട്. പക്ഷി സങ്കേതം എന്ന നിലയിൽ വിപുലീകരിക്കാവുന്ന പ്രദേശംകൂടിയാണിത്.
ഇ ബേർഡ് പോലുള്ള അന്താരാഷ്ട്ര പക്ഷി മാപ്പുകളിൽ കടപ്പൂരും ഇടം നേടിയിട്ടുണ്ട്. പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് കടപ്പൂരിന് ടൂറിസം സാധ്യതകളുമുണ്ട്. ( ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ട് സെക്രട്ടറി)