shee-toilet

പാലാ: നിരവധി ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നനഗരസഭ ചെയർമാൻ ഷാജു വി. .തുരുത്തന്റെ ശ്രദ്ധയ്ക്ക്... ടൗൺ ബസ് സ്റ്റാൻഡിന്റെ കിഴക്കേ മൂലയിൽ നഗരസഭ അധികാരികളെയും യാത്രക്കാരെയും നോക്കി പല്ലിളിച്ചുകൊണ്ട് ഒരു ഷി ടോയ്‌ലറ്റിന്റെ അസ്ഥി പഞ്ജരമുണ്ട്.

പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ കേടായ ടോയ്‌ലറ്റ് കൊണ്ട് ഇപ്പോൾ ആർക്കും ഒരു പ്രയോജനവുമില്ല. സംഭവം അറിയാതെ വരുന്ന സ്ത്രീ യാത്രക്കാർ ഇവിടെ കയറി പ്രാഥമിക കൃത്യത്തിന് ശ്രമിക്കുമെങ്കിലും കതകുപോലും തുറക്കാൻ കഴിയാറില്ല.

ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച ഷീ ടോയ്‌ലറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
തൊട്ടടുത്ത് മറ്റൊരു കഫംർട്ട് സ്റ്റേഷൻ ഉണ്ടെങ്കിലും അവിടെ പൈസ കൊടുത്തെങ്കിൽ മാത്രമേ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കൂ. പാവപ്പെട്ട സ്ത്രീ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഷീ ടോയ്‌ലറ്റ് ഏറെ പ്രയോജനമായിരുന്നു. അന്ന് എം.പി ഫണ്ടിൽ നിന്നൊക്കെ പണം മുടക്കിയാണ് ഇത് സ്ഥാപിച്ചത്. ഒരു മാസത്തിനുള്ളിൽതന്നെ തകരാറിലായി. അന്ന് നിസാര തുക കൊണ്ട് നന്നാക്കാൻ കഴിയുമായിരുന്നു. പക്ഷേ നന്നാക്കാൻ ആരും ശ്രമിച്ചില്ല. ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുകയാണ്.
ഷീ ടോയ്‌ലറ്റിന്റെ മുൻവശം കാട് കയറിക്കിടക്കുകയാണ്.ഇവിടെ താത്ക്കാലികമായി തെളിച്ചിട്ടുണ്ടെങ്കിലും മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രമായി ഇവിടം ഇപ്പോൾ.

ഷീ ടോയ്‌ലറ്റ് മാറ്റുകയോ നന്നാക്കുകയോ ചെയ്യണം


നിലവിൽ ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന ഉപയോഗശൂന്യമായ ഷീ ടോയ്‌ലറ്റ് എത്രയും വേഗം മാറ്റി സ്റ്റാൻഡ് വിശാലമാക്കുകയോ അല്ലാത്തപക്ഷം ഇത് നന്നാക്കി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുകയോ ചെയ്യണം.
ബൈജു പി.ജെ,​ കോൺഗ്രസ് സേവാദൾ പാലാ നിയോജക മണ്ഡലം ചെയർമാൻ