കുറവിലങ്ങാട് : യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ കവർച്ചാസംഘം ഉപയോഗിച്ച കാറിന്റെ ഉടമ അറസ്റ്റിൽ. മലപ്പുറം തിരൂർവെട്ടം മേലെ മൊയ്ദീൻ ഷിറാസ് (29) നെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കാണക്കാരി രത്‌നഗിരി പള്ളി ഭാഗത്താണ് സംഭവം. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന പൊന്നാനി സ്വദേശിയായ യുവാവിനെ തടഞ്ഞുനിറുത്തി ഒരു ലക്ഷം രൂപയും 20,000 രൂപ വില വരുന്ന മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. വാഹനം നൽകിയതിനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനുമാണ് മൊയ്ദീനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ എസ്.എച്ച്.ഒ ഇ.അജീബ്, എസ്.ഐമാരായ സാജു ടി.ലൂക്കോസ്, ലെബിമോൻ, റോയി വർഗീസ്, സി.പി.ഒമാരായ ശ്യാംകുമാർ, പ്രവീൺകുമാർ, പ്രേംകുമാർ, ഡിപിൻ, ഗിരീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ. ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.