വൈക്കം: കലുഷിതമായ ലോക ക്രമത്തിൽ മാനവരാശിക്ക് പ്രത്യാശയുടെ പൊൻകിരണങ്ങളായി നിലകൊള്ളുന്ന ഏറ്റവും ശ്രേഷ്ഠമായ സന്ദേശങ്ങളുടെ അക്ഷയഖനിയാണ് രാമയണമെന്ന് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ രാമായണ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ രാമായണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്കിലെ 97 കരയോഗങ്ങളെ പങ്കെടുപ്പിച്ചാണ് രാമായണമേള നടത്തുന്നത്. യൂണിയന്റെ നേതൃത്വത്തിൽ വനിതാ യൂണിയൻ, ബാലസമാജ യൂണിയൻ, ആദ്ധ്യാത്മിക പഠന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് രാമായണമേള നടത്തുന്നത്. ഒരു മാസക്കാലമായി കരയോഗങ്ങൾ, ഭവനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അതിവിപുലമായ നിലയിൽ 'രാമായണ മഹോത്സവം'' നടത്തി വരികയാണ്. രാമായണ മേളയിൽ ആദ്ധ്യാത്മിക പ്രഭാഷക ഡോ. ലക്ഷ്മി ശങ്കർ 'രാമായണം നിത്യജീവിതത്തിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ ആർ.നായർ, സി.പി നാരായണൻ നായർ, പി.എൻ രാധാകൃഷ്ണൻ, എൻ. മധു, കെ. ജയലക്ഷ്മി, പി. എസ് വേണുഗോപാൽ, വി.കെ ശ്രീകുമാർ, മീരാ മോഹൻദാസ്, പ്രൊഫ. കൃഷ്ണകുമാർ, എസ്.വി സുരേഷ് കുമാർ, ഗോപാലകൃഷ്ണൻ നായർ, സുരേഷ് ബാബു, കെ.എൻ സഞ്ജീവ്, എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു. മേളയുടെ ഭാഗമായി പാരായണം, പ്രശ്‌നോത്തരി, ചിത്രരചന, പ്രബന്ധരചന തുടങ്ങിയ മത്സരങ്ങളും നടത്തി.