rd-karcchl

കറുകച്ചാൽ: ഇത് വല്ലതും നടക്കുമോയെന്ന് നാട്ടുകാർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കറുകച്ചാൽ നെത്തല്ലൂർ കുരിശുകവല മിനി ബൈപ്പാസിന് മൂന്നുകോടി രൂപ അനുവദിച്ചിട്ട് ഒന്നര വർഷം ആയി. നാളിതുവരെയായി അനക്കമില്ല. ഇതോടെയാണ് ഈ പദ്ധതി വല്ലതും നടക്കുമോയെന്ന ചോദ്യം ഉയരുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കണ്ടെത്തിയ ബൈപ്പാസ് നിർമ്മാണം നീളുന്നതിൽ പൊതുജനം അസ്വസ്ഥരാണ്.

കുരുക്കഴിക്കാൻ സഹായിക്കും
കറുകച്ചാൽ ഗുരുമന്ദിരത്തിന് സമീപത്തുകൂടെ ആരംഭിക്കുന്ന ബംഗ്ലാംകുന്ന് വഴിയുള്ള പി.ഡബ്ലു.ഡി. റോഡാണ് ബൈപ്പാസ് റോഡ് ആകുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരത്തിലെയും ചങ്ങനാശേരി, വാഴൂർ റോഡിൽ കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെമുള്ള ഗതാഗതക്കുരുക്കിനും ഇതൊരു പരിഹാരമാണ്. കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നെത്തല്ലൂരിലെത്താതെ എളുപ്പത്തിൽ കുരിശുകവലയിലെത്താം.

പൈപ്പുകൾ സ്ഥാപിക്കൽ വൈകി

ബൈപ്പാസ് നിർമ്മാണത്തിന് മുന്നോടിയായി ജൽജീവൻ മിഷന്റെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കാൻ വൈകിയതാണ് നിർമ്മാണത്തിന് തടസമെന്ന് അധികൃതർ പറയുന്നു. നിലവിൽ റോഡിലെ പഴയ കലുങ്കുകൾ ചിലത് പൊളിച്ച് പണിയാനായി ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് പൊതുമരാമത്തുവകുപ്പ്. റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചാൽ മാത്രമേ ടെൻഡർ നടത്താൻ സാധിക്കൂ. റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. ഒരു വശത്ത് മാത്രമാണ് പൈപ്പിട്ടത്. പൈപ്പുകൾ പൂർണമായി സ്ഥാപിക്കാൻ ഇനിയും വൈകും. ഇത് ബൈപ്പാസ് നിർമ്മാണം ഇനിയും നീളാൻ കാരണമാകും.

രണ്ടര കിലോമീറ്ററുള്ള ബൈപ്പാസ് ഏറ്റവും അനിവാര്യമാണ്. എത്രയും വേഗം നിർമ്മാണം ആരംഭിക്കണം- രവി, നാട്ടുകാരൻ