കോട്ടയം: ജില്ലയിൽ ലഹരിമാഫിയ അത്രയേറെ ശക്തിപ്രാപിക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം ഏറെയാണ്. അതിന് അടിവരയിടുന്നതാണ് കഴിഞ്ഞദിവസം പൊലീസ് നടത്തിയ കഞ്ചാവ് വേട്ട. അതിർത്തി കടന്നാണ് ജില്ലയിലേക്ക് ലഹരിയുടെ ഒഴുക്ക്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിലും ദീർഘദൂരബസുകളിലുമാണ് കഞ്ചാവ്, രാസലഹരി ഉൾപ്പെടെ മാഫിയാസംഘങ്ങൾ എത്തിക്കുന്നത്. ഇതിന് ഇടനിലക്കാരുമുണ്ട്. കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒഡീഷ സ്വദേശി പൊലീസിനോട് പറഞ്ഞിരുന്നു.
ഒറ്റദിവസം, പിടികൂടിയത് എട്ട് കിലോ
ഇന്നലെ ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയത് എട്ടു കിലോ കഞ്ചാവാണ്. നിയമം കർശനമാകുമ്പോഴും ആഴ്ചകൾക്ക് മുൻപ് വാകത്താനത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തിരുന്നു. പാറമ്പുഴയിൽ ആളില്ലാതിരുന്ന വീട്ടിൽ കഞ്ചാവ് കച്ചവടം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് ഗാന്ധിനഗർ പൊലീസ് പരിശോധന നടത്തിയിരുന്നു.
ഇന്നലെ അതിരമ്പുഴ ടൗണിനും എം.ജി യൂണിവേഴ്‌സിറ്റിക്കും മദ്ധ്യയുള്ള പെട്രോൾ പമ്പിന് സമീപത്ത് നിന്നും രണ്ട് കിലോ കഞ്ചാവുമായാണ് ഒഡീഷ സ്വദേശി നാരായൺ നായിക് (35)നെ ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. നാട്ടിൽപോയി വരുമ്പോഴെല്ലാം ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നു. ഇടപാടുകാർ പണം ഗൂഗിൾപേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറും.
വിദ്യാർത്ഥികളെ കണ്ണുവെച്ച്
15 വർഷമായി അതിരമ്പുഴ പ്രദേശത്ത് കോൺക്രീറ്റിംഗ് ജോലികൾ ചെയ്തു വന്നിരുന്ന ആളാണ് നാരായൺ. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. എം.ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് കൈമാറിയിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പിടികൂടി, വീട്ടിൽ നിന്ന്
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ ഡെൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നഗരമദ്ധ്യത്തിലെ വീട്ടിൽ നിന്നും ആറു കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. ചെല്ലിയൊഴുക്കം റോഡിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് കച്ചവടം.