വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറയും പുത്തരിയും ഭക്തിസാന്ദ്രമായി. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ജിഷ്ണു ദാമോദരൻ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന പൂജകൾക്ക് ശേഷം നിറപുത്തരി വൈക്കത്തപ്പനും ഉപദേവതമാർക്കും സമർപ്പിച്ചു. പൂജിച്ച കതിർ ഭക്തർക്ക് പ്രസാദമായി നല്കി. പുന്നെല്ലുകൊണ്ടുള്ള നിവേദ്യവും പ്രാതലും നടത്തി. ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി ആഘോഷം.
നിറപുത്തരിക്കായി ഒരുക്കിയ കതിർകറ്റകൾ വ്യാഘപാദ ആൽത്തറയിലെത്തിച്ച് വിശേഷാൽ പൂജകൾ നടത്തിയ ശേഷം കതിർകറ്റകൾ വെള്ളി ഉരുളിയിലാക്കി മേൽശാന്തി ശിരസിലേറ്റി ഇല്ലം നിറ, വല്ലം നിറ മന്ത്റങ്ങൾ ഉരുവിട്ട് ഇടതു കൈയിലുള്ള മണികിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് മണ്ഡപത്തിൽ പ്രവേശിച്ച് ചടങ്ങുകൾ പൂർത്തിയാക്കി.
വടക്കേ നട കൃഷ്ണൻ കോവിലിൽ മേൽശാന്തി സുരേഷ് ആർ .പോറ്റി, കൂട്ടുമ്മേൽ ദേവി ക്ഷേത്രത്തിൽ മേൽശാന്തി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി ഉമേഷ് നമ്പൂതിരി, മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി ശ്രീകുമാരൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു.