നെഹ്റുട്റോഫി വള്ളംകളിയും അനിശ്ചിതത്വത്തിൽ
കോട്ടയം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബോട്ട് ലീഗ് മാറ്റിവെച്ചതിന് പുറമേ നെഹ്റുട്റോഫി വള്ലംകളിയും അനിശ്ചിതത്വത്തിലായതോടെ ഇനി എന്തെന്നറിയാതെ ബോട്ട് ക്ലബുകൾ. ബോട്ട് ലീഗിലെ പ്രൈസ് മണി മുന്നിൽകണ്ടാണ് കടംവാങ്ങിയാലും വീട്ടാമെന്ന പ്രതീക്ഷയിൽ വള്ളംകളി മത്സരത്തിന് ക്ലബുകൾ താത്പര്യം കാട്ടുന്നത്. ബോട്ട് ക്ലബുകൾ യോഗം ചേർന്ന് ഈ മാസം 31ന് മത്സരം നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ എന്നിവർ നാളെ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുന്നുണ്ട്. ചർച്ചയിൽ നെഹ്റുട്റോഫി ഒഴിവാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചാൽ ഈ വർഷം വള്ളംകളി ഉണ്ടാവില്ല. അതേസമയം നെഹ്റുട്രോഫി നടക്കുമെന്ന പ്രതീക്ഷയിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ടീം പിരിച്ചുവിട്ടിട്ടില്ല. അന്യ സംസ്ഥാന താരങ്ങളെയും പിടിച്ചുനിറുത്തിയിരിക്കുകയാണ്. നടുഭാഗം ചുണ്ടനിൽ 13 ദിവസത്തെ പരിശീലനതുഴച്ചിലും കരയിൽ ഒരു മാസം ഫിസിക്കൽ ട്രയിനിംഗും നടത്തിയ ടീമിന് 47 ലക്ഷം രൂപ ചെലവായി. ടീം പിരിച്ചുവിടാത്തതിനാൽ താമസവും ഭക്ഷണചെലവും മൂന്നര ലക്ഷത്തോളമായി. മറ്റു പ്രമുഖ ബോട്ട് ക്ലബുകൾക്കും ഇതേ അനുഭവകഥയാണ് പറയാനുള്ളത്.
പത്ത് ലക്ഷത്തിന്റെ സമ്മാനം
നെഹ്റുട്രോഫി ജേതാക്കൾക്ക് ബോണസടക്കം പത്ത് ലക്ഷം രൂപയുടെ സമ്മാനമാണ് ലഭിക്കുക. ലീഗ് ജേതാക്കൾക്കാകട്ടെ 25 ലക്ഷമാണ് സമ്മാന തുക. ലക്ഷങ്ങൾ ബോണസായി ലഭിക്കുന്നതുകൊണ്ടായിരുന്നു നെഹ്റുട്റോഫി പരീശീലനത്തിന്റെ കടം ക്ലബുകൾ വീട്ടിവന്നിരുന്നത്.
നെഹ്റുട്റോഫി നടത്തിയാൽ ബോണസ് തുകയായി ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ മിക്ക ക്ലബുകളും തയ്യാറായിരുന്നു. ബോട്ട് ലീഗിൽ കഴിഞ്ഞവർഷം ലഭിച്ച പ്രൈസ് മണിയിൽ നിന്നാണ് 47 ലക്ഷം രൂപയുടെ കടം 25 ലക്ഷമായി കുറയ്ക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബിന് കഴിഞ്ഞത്. നെഹ്റുട്റോഫിയെങ്കിലും ഈ മാസാവസാനം നടത്താൻ ബന്ധപ്പെട്ടവർ തയാറാകണം
കെ.മിഥുൻ ( സംസ്ഥാന വൈസ് പ്രസിഡന്റ് ബോട്ട് ക്ലബ്അസോസിയേഷൻ )