trannn

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിനുകളിലെ തിരക്ക് മൂലം ഫ്രണ്ട്‌സ് ഓൺ റെയിൽസ് കൂട്ടായ്മ കറുത്ത ബാഡ്ജ് ധരിച്ച് ട്രെയിൻ യാത്ര നടത്തി. രാവിലെയും വൈകുന്നേരവും കൊല്ലം കോട്ടയം എറണാകുളം റൂട്ടിലെ ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കാൻ പാലരുവിയിലെ കോച്ചുകൾ വർദ്ധിപ്പിക്കുക, വന്ദേഭാരതിന് വേണ്ടി പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.

കോട്ടയം, ഏറ്റുമാനൂർ വഴി കടന്നു പോകുന്ന ട്രെയിനുകളിൽ സൂചി കുത്താൻപോലും ഇടമില്ലാത്ത സ്ഥിതിയാണ്. വാതിൽപ്പടിയിലും മറ്റും തൂങ്ങിനിന്ന് അപകടകരമായ രീതിയിലാണ് പലരുടെയും യാത്ര. യാത്രയ്ക്കിടെ ആളുകൾ കുഴഞ്ഞു വീഴുന്നതും സ്ഥിരം സംഭവമായി. സ്ഥിരം യാത്രക്കാർ പലതലങ്ങളിലും പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ കൊല്ലം മുതൽ എറണാകുളം വരെയുള്ള യാത്രക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് യാത്ര ചെയ്തത്.

എന്നു തീരും ഈ ദുരിത യാത്ര
പാലരുവിയിലെ തിരക്ക് പാരമ്യത്തിലെത്തുന്ന മുളന്തുരുത്തിയിൽ വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിടുന്നതും പരിഹാരമില്ലാതെ തുടരുകയാണ്. ബദൽ മാർഗമൊരുക്കാതെ വേണാട് സൗത്ത് ജംഗ്ഷൻ ഒഴിവാക്കിയതും പാലരുവിയിൽ തിരക്ക് വർദ്ധിക്കാൻ കാരണമായി. വേണാടിൽ വർഷങ്ങളായി സൗത്തിലെ ഓഫീസുകളിൽ സമയം പാലിച്ചിരുന്നവർക്ക് തൃപ്പൂണിത്തുറയിൽ നിന്ന് മെട്രോ മാർഗം ടിക്കറ്റിനത്തിൽ തന്നെ പ്രതിമാസം ഭീമമായ സാമ്പത്തിക നഷ്ടം സഹിക്കണം. പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമു, പാസഞ്ചർ സർവീസ് അടിയന്തരമായി പരിഗണിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം, എൻ.എ ശശി, രജനി സുനിൽ, ജീനാ, സിമി ജ്യോതി, കൃഷ്ണ മധു എന്നിവർ ആവശ്യപ്പെട്ടു.


വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണം. കൂടുതൽ ട്രെയിനുകളും കോച്ചുകളും അനുവദിക്കണം. യാത്രക്കാർ എറണാകുളം ടൗൺ സ്റ്റേഷനിൽ സംഘടിച്ച് റെയിൽവേ അധികൃതർക്ക് നിവേദനം നൽകി.

-പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ