പാലാ: നഗരത്തിന് നാണക്കേടായ ഷീ ടോയ്ലറ്റ് നന്നാക്കാൻ പറ്റുന്നതാണെങ്കിൽ ഉടൻ നന്നാക്കും, ഇല്ലെങ്കിൽ പൊളിച്ചു നീക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ. ഇന്നലെ സ്ഥലം സന്ദർശിച്ച ശേഷം ''കേരള കൗമുദിയോട് '' സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ ടൗൺ ബസ് സ്റ്റാൻഡിലെ ഷീ ടോയ്ലറ്റ് വർഷങ്ങളായി തകരാറിലായി കിടക്കുകയായിരുന്നു. ഇന്നലെ ''കേരളകൗമുദി'' ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനും വൈസ് ചെയർപേഴ്സൺ ലീന സണ്ണിയും സ്ഥലം സന്ദർശിച്ചത്. ഷീ ടോയ്ലറ്റിന്റെ പോരായ്മകൾ നന്നാക്കാൻ പറ്റുമെങ്കിൽ എത്രയും വേഗം അതിനുള്ള നടപടി സ്വീകരിക്കുമെന്ന് ചെയർമാനും വൈസ് ചെയർ പേഴ്സണും അറിയിച്ചു. അല്ലാത്തപക്ഷം അത് അവിടെ നിന്ന് നീക്കും ചെയ്യുകയും ആ ഭാഗത്തെ കാടുംകളും മറ്റും നീക്കി അവിടെ എന്തെങ്കിലും പുതിയ പ്രസ്ഥാനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ ഷാജു വി തുരുത്തൻ പറഞ്ഞു.
പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ കേടായ ഷീ ടോയ്ലറ്റ് കൊണ്ട് ഇപ്പോൾ ആർക്കും ഒരു പ്രയോജനവുമില്ല. ഇത് കേടാണെന്ന് അറിയാതെ ഇവിടെ വരുന്ന സ്ത്രീ യാത്രക്കാർ ഇവിടെ കയറി പ്രാഥമിക കൃത്യത്തിന് ശ്രമിക്കുമെങ്കിലും കതകു പോലും തുറക്കാൻ കഴിയാറില്ല. ഷീ ടോയ്ലറ്റിന്റെ മുൻവശം കാടുകയറി കിടക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.