കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ തിരിമറി നടന്ന സംഭവത്തിൽ ജോലിയിൽ വീഴ്ചവരുത്തിയ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. ക്ലർക്ക് ബിന്ദു, സെക്ഷൻ സൂപ്രണ്ട് ശ്യാം, അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്ന സന്തോഷ്‌കുമാർ എന്നിവരെയാണ് കോട്ടയം നഗരസഭാ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യൻ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. കേസിലെ മുഖ്യപ്രതി അഖിൽ സി.വർഗീസിനെ തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടർ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. വൈക്കം നഗരസഭയിലെ ക്ലർക്കും കോട്ടയം നഗരസഭയിലെ മുൻജീവനക്കാരനുമായ കൊല്ലം സ്വദേശി അഖിലാണ് പെൻഷൻ ഫണ്ടിൽ തിരിമറി നടത്തിയത്. മരിച്ചുപോയ സ്ത്രീയുടെ പേരിന്റെ സ്ഥാനത്ത് ഇയാളുടെ അമ്മയുടെ പേരും അക്കൗണ്ടും ചേർത്ത് 2.5 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. 2020 ഫെബ്രുവരി 25 മുതൽ 2023 ആഗസ്റ്റ് 16 വരെയാണ് ഇയാൾ കോട്ടയം നഗരസഭയിലുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ചയും കോട്ടയം നഗരസഭയിലെത്തി ഏഴുലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ നഗരസഭാ സെക്രട്ടറി പരാതി നൽകിയിരുന്നു. അഖിൽ നിലവിൽ ഒളിവിലാണ്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസും വകുപ്പ് വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്.