കരൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. അംഗീകാരത്തോടെയും അല്ലാതെയും പ്രവർത്തിക്കുന്ന നിരവധി പാറമടകൾ പഞ്ചായത്തിലുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതോടൊപ്പം വൻതോതിൽ ഇവിടെ നിന്ന് മണ്ണ് ഖനനവും നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.
ഒരു ആരാധനാലയത്തിന്റെ ചുറ്റുവട്ടത്തുനിന്നും വൻതോതിൽ മണ്ണ് ഖനനം ചെയ്തതിനെത്തുടർന്ന് ഈ ആരാധനാലയം ഏതുനിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകളും വൻ തോതിലുള്ള മണ്ണ്ഖനനവും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാണ്.
അനധികൃത പാറമടകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയുന്ന ചിലർ അനധികൃത പാറമടലോബിയുടെ ആളുകളാണന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതിൽ പലരും മുൻപ് അനധികൃതമായി പാറഖനനം നടത്തുകയും ഇതേതുടർന്ന് വാഹനമുൾപ്പെടെ റവന്യു അധികൃതർ പിടിച്ചെടുത്ത് പൊലീസിന് കൈമാറിയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങൾക്ക് മുൻപ് മുതൽ അനധികൃതമായി പാറഖനനം നടത്തിയിട്ടുള്ള ചിലർ ഇപ്പോൾ നാട്ടുകാരെ രക്ഷിക്കാനെന്ന മട്ടിൽ രംഗത്തുവന്നിട്ടുള്ളത് ദുരൂഹമാണ്.
വൻതോതിൽ മണ്ണ് ഖനനം ചെയ്യാൻ നീക്കം
കുടക്കച്ചിറ ബാങ്കിന് സമീപത്തുള്ള വലിയൊരുഭാഗം സ്ഥലത്തുനിന്ന് വൻതോതിൽ മണ്ണ് ഖനനം ചെയ്യാൻ അനുമതി തേടി കരൂർ പഞ്ചായത്തധികൃതർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ചിലരും നിലവിൽ പാറമടകൾക്കെതിരെ രംഗത്തുവന്നിട്ടുള്ളത് വിചിത്രമാണ്.
അനധികൃത പാറമടകളെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തണം. വൻതോതിലുള്ള മണ്ണ്ഖനനം മൂലം ഒരു ആരാധനാലയം തന്നെ ഇടിഞ്ഞുവീഴാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. മണ്ണ് കടത്തിയവരെ കണ്ടെത്തി ശിക്ഷിക്കണം.
ജോയി കളരിക്കൽ,
പാലാ പൗരാവകാശസമിതി