പാലാ: പാലാ നിയോജക മണ്ഡലത്തിൽ കെ.എം മാണിയ്ക്ക് ശേഷം വികസന മുരടിപ്പാണെന്നും നിലവിലെ എം.എൽ.എ ആണ് ഇതിന് ഉത്തരവാദിയെന്നും ചിലർ വ്യാപകമായി കുപ്രചാരണങ്ങൾ അഴിച്ചു വിടുകയാണെന്ന് മാണി സി കാപ്പൻ പത്രസമ്മേളനത്തിൽ പറഞ്ഞു. താൻ ഒരിക്കലും നാടിന്റെ വികസനം മുടക്കാൻ ശ്രമിച്ചിട്ടില്ല. പകുതിയാക്കി നിർത്തിയ വിവിധ വികസന പരിപാടികൾ താൻ എം.എൽ.എ ആയ ശേഷമാണ് പൂർത്തിയാക്കിയത്. പാലാ ബൈപ്പാസ് പൂർത്തിയാക്കാൻ മാത്രം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പത്ത് കോടി പത്ത് ലക്ഷം രൂപ അനുവദിച്ചാണ് പൂർത്തിയാക്കിയതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. അപ്രോച്ച് റോഡ് ഇല്ലാതെ പണിത കളരിയാമാക്കൽ പാലത്തിന് അപ്രോച്ച് റോഡ് പണിയാൻ താൻ ശ്രമം നടത്തി. 13 കോടി 29 ലക്ഷം രൂപ അനുവദിച്ചെങ്കിലും ചിലർ ഇത് മുടക്കി. വികസനം ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യം മുൻനിർത്തി ഇലാവീഴാപൂഞ്ചിറയിലും ഇല്ലിക്കൽക്കല്ലിലും ടൂറിസം വികസനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. മൂന്നിലവ്, തലനാട്, മേലുകാവ് പഞ്ചായത്തുകളിലും വൻ വികസനമാണ് നടത്തിയത്. അതേ സമയം ഇലാവീഴാപൂഞ്ചിറയിലും ഇല്ലിക്കൽക്കല്ലിലും അര ഏക്കർ സ്ഥലം വീതം രണ്ട് ഗസ്റ്റ്ഹൗസുകൾ നിർമ്മിക്കാൻ അനുവദിച്ചത് ചിലർക്കുള്ള വ്യക്തിവൈരാഗ്യം മൂലം റദ്ദാക്കുകയായിരുന്നുവെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി. 19 കോടി 87 ലക്ഷം രൂപ അനുവദിച്ച് 2020ൽ ആരംഭിച്ച അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ് റോഷി അഗസ്റ്റിൻ മന്ത്രിയായിട്ടും ആരംഭിച്ചിട്ടില്ലായെന്നു പറയുമ്പോഴും കാര്യങ്ങൾ വ്യക്തമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.