adhrav

കുമരകം: ആഗ്രയിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ ജേതാക്കളായവരെ കുമരകം പൗരാവലിയുടെ ആദരവ് നൽകി. മൂന്ന് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ കരസ്ഥമാക്കിയ കുമരകം ശ്രീകുമാരമംഗലം സ്‌കൂളിലെ വിദ്യാർത്ഥികളെ ഹാരമണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു. സ്‌കൂൾ മാനേജർ ഏ.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതാ ലാലു, വാർഡ് മെമ്പർ മായാ സുരേഷ്, ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് വി.സി അഭിലാഷ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്.സുനിമോൾ, ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു, സ്റ്റാഫ് സെക്രട്ടറി സുജ പി.ഗോപാൽ എന്നിവർ ജേതാക്കൾക്ക് മൊമന്റോ നൽകി. പരിശീലകനായ കായിക അദ്ധ്യാപകൻ പി.പി ഹരിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂളിലെ എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്‌ക്രോസ്, സ്‌കൂൾ സ്‌പോർട്‌സ് ക്ലബ്ബംഗങ്ങൾ, വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവർ ചേർന്ന് ദേവസ്വം മൈതാനിയിൽ നിന്നും ജേതാക്കളായ അശ്വിൻ സജീവ്, വി.ആർ കാർത്തികേയൻ, ഗൗതം കൃഷ്ണ, വിനീത് ഗിരീഷ്, അക്ഷയ് കെ.ജെറിൻ എന്നിവരെ സ്‌കൂൾ മൈതാനിയിലേക്ക് ആനയിച്ചു. തുടർന്ന് സ്‌കൂൾ അസംബ്‌ളി ചേർന്നാണ് ആദരവ് നൽകിയത്.