തലയോലപ്പറമ്പ്: വൈക്കപ്രയാർ ജീവനിലയത്തിലെ അന്തേവാസികൾക്ക് മാസത്തിൽ ഒരു ദിവസം രണ്ട് നേരം ഭക്ഷണം എത്തിക്കുന്നതിനായി വടയാർ ഇളങ്കാവ് ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികൾ നടത്തുന്ന ' ഹൃദയപൂർവ്വം ' പദ്ധതിയിൽ പങ്കാളിയായി റിട്ട. അദ്ധ്യാപിക. സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് കെ.വി ഷൈനയാണ് ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾക്ക് കൈത്താങ്ങ് നൽകുന്നതിന് സ്കൂൾ ആരംഭിച്ച പദ്ധതിയിൽ തനിക്ക് ലഭിക്കുന്ന ചെറിയ പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം നീക്കിവച്ചത്.
ജീവനിലയത്തിൽ വച്ച് അന്തേവാസികൾക്കായി നടത്തിയ സ്നേഹവിരുന്ന് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ആർ റോഷിൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്റസിഡന്റ് ലിസമ്മ ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.സി മനീഷ്, അദ്ധ്യാപകരായ മീര, ബിന്ദു, അനശ്വര എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി തന്റെ പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടുത്ത ദിവസം കൈമാറുമെന്ന് ഷൈന പറഞ്ഞു.