പനമറ്റം: റോഡിൽ നിറയെ കുഴികൾ. ഓട്ടം ബഹിഷ്‌ക്കരിക്കാനിരുന്ന പനമറ്റത്തെ ഓട്ടോ ഡ്രൈവർമാർ ഒരുനിമിഷം കൊണ്ട് തീരുമാനം മാറ്റി. കൂരാലി പനമറ്റം റോഡിലെ കുഴികളടച്ചിട്ടേ ഞങ്ങൾ പിൻവാങ്ങൂ... അവർ കൊട്ടയും തൂമ്പയുമെടുത്ത് റോഡിലിറങ്ങി. പിന്നെ കുഴികളടച്ചു. നാട്ടുകാർക്ക് സന്തോഷം. ഓട്ടോ ചേട്ടൻമാർക്ക് ആത്മസംതൃപ്തി. മറ്റ് വഴികളെല്ലാം അടഞ്ഞപ്പോഴാണ് കുഴുകൾ മണ്ണിട്ട് മൂടി താത്കാലികമായെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കിയത്. നിറയെ കുഴികളായിരുന്നു. വാഹനങ്ങൾക്ക് തകരാർ പതിവായിരുന്നു. ഓട്ടോ ഡ്രൈവർമാരുടെ നല്ല മനസിന് കൈയടിക്കുകയാണ് നാട്ടുകാർ.
പരാതി നൽകി, പക്ഷേ ഫണ്ടനുവദിച്ചില്ല
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചിട്ടില്ല. നാട്ടുകാർ വകുപ്പിനും എം.എൽ.എയ്ക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഫലം കണ്ടില്ല. പനമറ്റം ഗവ.എച്ച്.എസ്.എസ്, പനമറ്റം ഭഗവതിക്ഷേത്രം, എലിക്കുളം കൃഷിഭവൻ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ്. പനമറ്റംകാർക്ക് എലിക്കുളം പഞ്ചായത്ത് ഓഫീസിലെത്തുന്നതിന് ഈ റോഡാണ് ആശ്രയം. കൽക്കെട്ടുകൾ ഇടിഞ്ഞും ടാറിംഗിന്റെ അരികിടിഞ്ഞും റോഡ് അപകടാവസ്ഥയിലാണ്.