കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന പോസ്റ്റ്‌മോർട്ടം കം മോർച്ചറി കോംപ്ലക്സിന്റെ പണികൾ ഉടൻ പൂർത്തിയാകുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. ഈ പദ്ധതിക്ക് ആരോഗ്യവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിരുന്നു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് നിന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾക്ക് താമസം നേരിട്ടിരുന്നു. വളരെയേറെ പഴക്കമുള്ള നിലവിലെ കെട്ടിടത്തിലെ അപര്യാപ്തതകളെല്ലാം ഇതോടെ പരിഹരിക്കാനാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. ഹൈറേഞ്ച് മേഖലയിലടക്കമുള്ള ജനങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും മോർച്ചറി സേവനങ്ങൾക്കും കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാനാകും. മറ്റ് തടസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ആശുപത്രിക്ക് കൈമാറുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.