കോട്ടയം: ചിങ്ങം പിറക്കാൻ ദിവസങ്ങൾ അടുത്തതോടെ വസ്ത്ര വിപണിയിലും ഓണവെളിച്ചം. പ്രതീക്ഷ കസവണിഞ്ഞതോടെ ഈ ആഴ്ച മുതൽ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്ക് തിരക്ക് തുടങ്ങും. വേറിട്ട ഡിസൈനും ഫാഷനുമൊരുക്കിയാണ് വിപണി കാത്തിരിക്കുന്നത്.
വസ്ത്രവിപണിയിൽ 50 ശതമാനത്തിലേറെ വില്പന നടക്കുന്നത് ഓണക്കാലത്താണെന്ന് വ്യാപാരികൾ പറയുന്നു. ഉടനെ ഉഷാറാകുന്ന ഓണവിപണി ഒരുമാസം നീളും. വൻകിട സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ചിങ്ങം പിറന്നാൽ വിവാഹ സീസണായതിനാൽ വിപണിക്ക് കൂടുതൽ കരുത്താണ്.
കസവ് വസ്ത്രങ്ങൾക്കാണ് കച്ചവടം കൂടുതൽ. 600 രൂപ മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകളും ലഭ്യമാണ്. ഇത്തവണ കസവു സാരിയിൽ വിവിധ ട്രെൻഡുകളുണ്ട്. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കരയും കസവും കൂടിയതും കസവിൽ പ്രിന്റ് വർക്കുകൾ നിറഞ്ഞതും ചിത്രങ്ങൾ തുന്നിയതും ഉൾപ്പെടെ ഏത് കാലക്കാരുടേയും മനസ് കീഴടക്കാനുള്ളതൊക്കെയുണ്ട്. പഴയ ഒറ്റക്കര കസവ് ബോർഡറുകൾ ഫാഷൻ ലോകത്ത് നിന്ന് വിടവാങ്ങി.
മൂന്ന് മാസം മുന്നേ ഒരുക്കങ്ങൾ
പുത്തൻ കസവും ഫാഷനും തിരഞ്ഞെടുക്കാൻ മൂന്നു മാസം മുൻപേ വൻകിട വസത്രശാലകൾ ഒരുക്കം തുടങ്ങി. അന്യസംസ്ഥാനങ്ങളിൽ പോയി നേരിട്ട് കണ്ട് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് ഡിസൈൻ ചെയ്യുകയാണ് ഇവർ.
750 മുതൽ 20,000 രൂപ വരെയുള്ള കസവ് സാരികൾ
സാരിയിലും ഷർട്ടിലും മ്യൂറൽ ചിത്രങ്ങൾ
ഒറ്റക്കളർ ഷർട്ടും ചേരുന്ന മുണ്ടും
ക്യാമ്പസുകളിലും ഓണക്കാലം
ഈ മാസം അവസാനിക്കുന്നതോടെ പൂർണമായും ഓണത്തിരക്കാകും. ക്യാമ്പസും ഓഫീസും ഉൾപ്പെടെ ഓണ ലഹരിയിൽ അമരും. ഓണഘോഷത്തിന് ഓരോ നിറവും പ്രിന്റിംഗുമുള്ള ഷർട്ടും മുണ്ടും കസവുമൊക്കെ ബുക്ക് ചെയ്തവരുമുണ്ട്. 25ന് ശേഷം ഓണാഘോഷങ്ങൾ ആരംഭിക്കും. കോളേജുകളിലെയും ഓഫീസുകളിലെയും ഓണാഘോഷങ്ങളിൽ മുണ്ടിന് 'ലുക്ക്' കൂട്ടുന്ന കോട്ടൺ കുർത്തകൾക്കും ഡിമാൻഡുണ്ട്. മുണ്ടിന്റെ കരയ്ക്കുചേരുന്ന ഷർട്ടുകളോടാണ് എല്ലാ പ്രായക്കാർക്കും പ്രിയം. ഫോർമൽ ഷർട്ടുകൾക്കും ആവശ്യക്കാരുണ്ട്.
കർക്കടകത്തിന്റെ പകുതിയോടെ തിരക്ക് ആരംഭിച്ചിരുന്നു. പുതിയ ട്രെൻഡുകൾക്കാണ് ഡിമാൻഡ്. ഓണം ആഘോഷിക്കാനും വിവാഹത്തിനും ഓരോ ഡിസൈനിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് ഏറെയും.
-ഗോപകുമാർ, വസ്ത്രശാലാ ജീവനക്കാരൻ