food

പൈക: എന്താണ് സാർ ഇങ്ങനെ...? ഭക്ഷണത്തിന് പറയുന്ന പൈസ തരുന്നില്ലേ. പുഴുക്കൾ ഒഴുകി നടക്കുന്ന സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യൽ... മീനച്ചിൽ പഞ്ചായത്തിൽ ചില ഹോട്ടലുകളിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് അറപ്പിക്കുന്ന ദൃശ്യങ്ങൾ. ഒരു ഹോട്ടലും തട്ടുകടയും അടപ്പിച്ചു. രണ്ട് ഹോട്ടലുകൾക്ക് പിഴയും നോട്ടീസും നൽകി പഞ്ചായത്ത് അധികൃതർ. ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ തുടർച്ചയായ മിന്നൽ പരിശോധനകളിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതായി പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.

അടച്ചുപൂട്ടാൻ നിർദേശം

വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം തയാറാക്കുന്ന മൂന്ന് ഹോട്ടലുകൾക്കും രണ്ട് ബജി കടകൾക്കും പഞ്ചായത്ത് അധികൃതർ പിഴയിട്ടു. നാല് ദിവസത്തിനകം പരിസരങ്ങൾ വൃത്തിയാക്കി മാനദണ്ഡങ്ങൾ പ്രകാരമുള്ള അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്ന് രണ്ട് ഹോട്ടലുകൾക്ക് അന്ത്യശാസനം നൽകി. അല്ലാത്തപക്ഷം ഈ ഹോട്ടലുകളും അടച്ചുപൂട്ടാനാണ് പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ നിർദേശം.

നടപടി നേരിട്ട ഹോട്ടലുകൾ

പൈക പ്രിയ ഹോട്ടൽ

പച്ചാത്തോട് മാതാ

വിളക്കുംമരുത് സോപാനം

മുമ്പും പരാതി

സോപാനം ഹോട്ടലിലെ അഴുക്കുചാൽ പുറത്തേയ്ക്ക് ഒഴുക്കുന്നത് സംബന്ധിച്ച പരാതിയിലാണ് നടപടി. ഇതു സംബന്ധിച്ച് നേരത്തെ പരാതിയുണ്ടായിരുന്നു. വ്യാഴാഴ്ചയ്ക്കുള്ളിൽ ഇത് പരിഹരിച്ചില്ലെങ്കിൽ സോപാനവും പൂട്ടേണ്ടിവരും. മാതാ ഹോട്ടലിൽ നാല് ദിവസത്തിനിടെ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. പ്രിയ ഹോട്ടലിൽ രണ്ടു ദിവസത്തിനകം വീണ്ടും പരിശോധന ഉണ്ടാകും.

തട്ടുകടകൾ 'തറ' നിലവാരത്തിൽ

പൈക ടൗണിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ബജിക്കടകൾക്കും പഞ്ചായത്ത് പിഴയിട്ടു. പച്ചാത്തോട്ടെ ബജിക്കട അടപ്പിക്കുകയും ചെയ്തു. തട്ടുകടകൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ചെറുപലഹാരങ്ങൾ ഉണ്ടാക്കി വില്പന നടത്തുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. ഇവിടങ്ങളിലെ മാലിന്യങ്ങൾ ഓടകളിലേയ്ക്ക് തള്ളുന്നത് പതിവായതോടെ ഓടകളിൽ വെള്ളം കെട്ടിനിന്ന് ഈച്ചകൾ പെരുകുന്നതായി പരാതി ഉയർന്നിരുന്നു.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകംചെയ്ത് ജനങ്ങൾക്ക് വിതരണം ചെയ്യാൻ ആരെയും അനുവദിക്കില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല.

സാജോ പൂവത്താനി, പഞ്ചായത്ത് പ്രസിഡന്റ്