പാലാ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഏഴാച്ചേരി വഴിയും കൊണ്ടാട് വഴിയും ഉണ്ടായിരുന്ന സർവീസുകൾ റദ്ദാക്കിയത് എത്രയുംവേഗം പുനരാരംഭിച്ചേ തീരൂവെന്ന് മാണി സി.കാപ്പൻ എം.എൽ.എയും വിവിധ ജനപ്രതിനിധികളും ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടപ്പോൾ പാലാ ഡിപ്പോ അധികൃതർ വിയർത്തുപോയി. പൊതുഗതാഗത സൗകര്യം പരിമിതമായ ഗ്രാമീണ റൂട്ടുകൾ കണ്ടെത്തി നഗരവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഗതാഗത സംരംഭത്തിന് രൂപരേഖ തയ്യാറാക്കുന്നതിനായി ഗതാഗത വകുപ്പു മന്ത്രിയുടെ നിർദ്ദേശാനുസരണം മോട്ടോർ വാഹന വകുപ്പ് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത ജനസദസിലാണ് കെ.എസ്.ആർ.ടി.സിക്കെതിരേ ജനരോഷം ഉയർന്നത്.
ഒറ്റ ഡ്യൂട്ടി പരിഷ്കരണത്തിന്റെ മറവിൽ ഡിപ്പോ അധികൃതർ ഏകപക്ഷീയമായാണ് സർവീസ് നിർത്തലാക്കിയത്. പിന്നീട് പ്രതിഷേധം ഉയർന്നപ്പോൾ ഭാഗികമായി ചില സർവീസുകൾ ആരംഭിച്ചെങ്കിലും ജനം തൃപ്തരായിരുന്നില്ല.
ഏഴാച്ചേരി, കൊണ്ടാട് ഓർഡിനറി സർവീസുകൾ നിർത്തലാക്കിയതിൽ വൻ പ്രതിഷേധമാണ് പാലാ പി.ഡബ്ല്യ.ഡി റസ്റ്റ്ഹൗസിൽ ചേർന്ന ജനസദസിൽ ഉയർന്നത്. ഏഴാച്ചേരി വഴിയുണ്ടായിരുന്ന ബസ് അതേ സമയത്ത് തുടർന്നും സർവീസ് നടത്താൻ നടപടി ഉണ്ടാവണമെന്ന് ഒറ്റക്കെട്ടായി ആവശ്യമുയർന്നു.
ജീവനക്കാരുമായി സംസാരിച്ച ശേഷം ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കാമെന്ന് പാലാ എ.ടി.ഒ. അശോക് കുമാർ പറഞ്ഞു. വിവിധ ജനപ്രതിനിധികളായ പ്രൊഫ. സതീഷ് ചൊള്ളാനി, ജെയ്‌സൺ മാന്തോട്ടം, ജോയ് കളരിക്കൽ, ലിസമ്മ മത്തച്ചൻ തുടങ്ങിയവർ ഏഴാച്ചേരി സർവീസ് നിർത്തിയതിന് എതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. മലയോര മേഖലയിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സർവീസുകൾ വേണമെന്ന് മേലുകാവ്, മൂന്നിലവ്, തലനാട് നിന്നുള്ള ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി തമ്പി , സാജോ പൂവത്താനി, ലിസമ്മ സെബാസ്റ്റ്യൻ, രജനി സുധാകരൻ, അനസ്യ രാമൻ, രഞ്ജിത്ത് മീനാഭവൻ അടക്കം ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ, മോട്ടോർ വാഹന വകുപ്പ്, കെ.എസ് .ആർ.ടി.സി, പൊലീസ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.