കോട്ടയം: വഴിപാട് കഴിച്ചതിന്റെ ദക്ഷിണ കുറഞ്ഞു പോയെന്നാരോപിച്ച് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ നിന്ന് ഭക്തയെ പൂജാരി അധിക്ഷേപിച്ച് ഇറക്കിവിട്ടതായി പരാതി. മേജർ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ പൂജാരി അനിലിനെതിരെയാണ് കൊടുങ്ങൂർ സ്വദേശിനിയായ ഭക്ത പരാതി നൽകിയത്. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.

കഴിഞ്ഞ മാസം 21നായിരുന്നു സംഭവം. ഭർത്താവിന്റെ പേരിൽ നടത്തിയ പ്രത്യേക വഴിപാടിന്റെ പ്രസാദം വാങ്ങിയപ്പോൾ നൽകിയ നൂറു രൂപ വലിച്ചെറിയുകയും മറ്റുള്ളവർ കാൺകെ ഇറങ്ങിപ്പോവാൻ കൈ ചൂണ്ടി ആക്രോശിക്കുകയും ചെയ്തെന്നാണ് പരാതി. ദക്ഷിണ കുറഞ്ഞു പോയതിന് ക്ഷമ ചോദിച്ച ശേഷം നാനൂറ് രൂപ കൂടി ചേർത്ത് അഞ്ഞൂറു രൂപ ‌ഡെസ്കിൽ വച്ച ശേഷം കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയെന്നും ഭക്ത പറഞ്ഞു. തുടർന്ന് 23ന് മുണ്ടക്കയത്തുള്ള ദേവസ്വം കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്റെ മൊഴി പോലും ഇതുവരെ രേഖപ്പെടുത്തിയില്ലെന്നും ഭക്ത പറയുന്നു.