മുണ്ടക്കയം: ഇരുദിശയിലും ഒരേസമയം രണ്ടു നാലുചക്ര വാഹനങ്ങൾക്ക് വളരെ പ്രയാസപ്പെട്ട് മാത്രം കടന്നുപോകാൻ കഴിയുന്നൊരിടം പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ ഉണ്ട്. പുത്തൻചന്തയ്ക്കും വരിക്കാനി കവലയ്ക്കുമിടയിലാണ് ഡ്രൈവർമാരെ ഭയപ്പെടുത്തുന്ന ദുരിതഭാഗം. ഇവിടെ അപകടങ്ങൾ പതിവാണ്. കാൽനടയാത്രക്കാരുടെ കാര്യം പറയുകയേ വേണ്ട. അപ്പുറവും ഇപ്പുറവും വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തിയാലേ ഈ ഭാഗം കടന്നുപോകാൻ കഴിയൂ. അത്രയ്ക്കും ഞെരുക്കം ഈ ഭാഗത്തുണ്ട്.
വർഷങ്ങൾക്കു മുമ്പ് നവീകരണത്തിന്റെ ഭാഗമായി മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള റോഡിന്റെ വശങ്ങൾ വീതി കൂട്ടി നവീകരിച്ചിരുന്നു. എന്നാൽ, പുത്തൻചന്തയ്ക്ക് ശേഷമുള്ള കൊടുംവളവിലെ വീതി കുറഞ്ഞ കലുങ്കും റോഡിന്റെ വശവും വീതികൂട്ടാതെ അതേപടി നിലനിർത്തുകയായിരുന്നു. വീതിയു ള്ള റോഡിലൂടെ വളവ് തിരിഞ്ഞ് വേഗത്തിലെത്തുന്ന വാഹനങ്ങൾ വീതി കുറവുള്ള ഈ ഭാഗത്ത് എത്തുമ്പോൾ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.
കഴിഞ്ഞദിവസം എരുമേലി ഭാഗത്തുനിന്നു വന്ന കാർ റോഡിലെ വീതി കുറഞ്ഞ കലുങ്കിന് അരികിലൂടെ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞിരുന്നു.. അപകടത്തിൽ യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മുമ്പും സമാനമായ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. പ്രധാന ശബരിമല പാത കൂടിയായ ഈ റോഡിലൂടെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്ത് അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ഒട്ടുമിക്ക ദിവസങ്ങളിലും റോഡിന്റെ ഈ ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
ഏതാനും മാസങ്ങൾക്കു മുമ്പ് ഇതിനു സമീപം റോഡ് മുറിച്ചു കടന്ന വയോധികൻ വാഹനമിടിച്ച് മരിച്ചിരുന്നു. അപകടങ്ങൾ തുടർക്കഥയായ ഈ ഭാഗത്ത് കല്ലുങ്കിന്റെയും റോഡിന്റെയും വീതി വർദ്ധിപ്പിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.