പാലാ : വിശ്രമ ജീവിതം എങ്ങനെ ആഘോഷമാക്കാം എന്ന് അന്വേഷിക്കുന്നവർക്കുള്ള മറുപടിയാണ് പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന സഫലം 55 പ്ലസ്. വിനോദയാത്രകളിലൂടെ ജീവിതം ആഘോഷമാക്കുന്നതോടൊപ്പം പഠനങ്ങൾക്കും പ്രഭാഷണങ്ങൾക്കും സാഹിത്യ ചർച്ചകൾക്കും ഇടമുണ്ടിവിടെ. ഒരു മാസം ഒരു യാത്ര എന്നാണ് കണക്കെങ്കിലും ചിലപ്പോഴൊക്കെ എണ്ണം അതിലും കൂടും. ജഡ്ജിമാരും ശാസ്ത്രജ്ഞൻമാരും പൊലീസ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും പട്ടാളക്കാരും ബാങ്ക് ഉദ്യോഗസ്ഥരുമൊക്കെ ആയി ഗൗരവത്തോടെ ജോലി ചെയ്തിരുന്നവർ ഡാൻസും പാട്ടുമൊക്കെയായി യാത്രകളിൽ സജീവമാകും. ചെല്ലുന്ന സ്ഥലങ്ങളിലെ പ്രധാനപ്പെട്ട ഗവ.സ്ഥാപനങ്ങൾ സന്ദർശിക്കുക, ആ നാട്ടിലെ പ്രശസ്തരായ കലാകാരന്മാരെ സന്ദർശിച്ച് അവർക്ക് ആദരവ് നൽകുക തുടങ്ങിയവയും യാത്രയുടെ ഭാഗമാണ്. കേരളത്തിലെ ഒട്ട് മിക്ക വിനോദ കേന്ദ്രങ്ങളിലേക്കും ഇന്ത്യയിലെ മറ്റ് 8 സംസ്ഥാനങ്ങളിലേക്കും ഇതിനോടകം യാത്ര നടത്തിക്കഴിഞ്ഞു.
നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫ്‌ളാഗ് ഓഫ് ചെയ്ത കൃഷ്ണപുരം പാലസ്, കൊല്ലത്തിനടുത്ത മൺറോ തുരുത്ത്, സാംബ്രാണികോടി എന്നിവിടങ്ങളിലേക്ക് ഇപ്പോൾ നടത്തുന്ന യാത്ര സഫലത്തിന്റെ നാല്പതാമത്തെ യാത്രയാണ്. പ്രകൃതി ദുരന്ത മേഖലകളിൽ സഹായം എത്തിക്കുന്നതിലും തങ്ങൾക്കുള്ള
സമ്പത്തും അറിവും സഹജീവികൾക്കും പുതുതലമുറയ്ക്കും പങ്ക് വെക്കുന്നതിലും സഫലം അംഗങ്ങൾ ഒട്ടും പിന്നിലല്ല. കിസ്‌കോ ബാങ്കിന്റെ സഹകരണത്തോടെ 2012 ൽ ആരംഭിച്ച സഫലം 55 പ്ലസിൽ മുന്നൂറിലധികം അംഗങ്ങളുണ്ട്. പ്രസിഡന്റ് എം.എസ്.ശശിധരൻ നായർ, സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ, ട്രഷറർ പി.എസ്.മധുസൂദനൻ എന്നിവരാണ് ഭാരവാഹികൾ.