പാലാ: മോട്ടോർ വാഹന വകുപ്പ് വിളിച്ചു ചേർത്ത റൂട്ട് ഫോർമുലേഷൻ ജനസദസിലേക്ക് നിർദ്ദേശങ്ങളുമായി എത്തിയത് നിരവധിപേർ. പൊതുഗതാഗത സൗകര്യം പരിമിതമായ ഗ്രാമീണ റൂട്ടുകൾ കണ്ടെത്തി നഗരവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഗതാഗത സംരംഭത്തിന് രൂപരേഖ തയ്യാറാക്കുന്നതിനായിട്ടാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം മോട്ടോർ വാഹന വകുപ്പ് ജനസദസ് സംഘടിപ്പിച്ചത്. പാലാ പി.ഡബ്ല്യ.ഡി റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ മാണി.സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഇതുവഴി പുതിയ തൊഴിൽ മേഖല കൂടി സൃഷ്ടിക്കപ്പെടുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.

ഗതാഗത രംഗത്ത് പുതിയ സംരംഭകർ ഉണ്ടായാൽ ഗ്രാമീണ റൂട്ടുകൾ നിശ്ചയിച്ച് പ്രത്യേക പെർമിറ്റുകൾ നൽകുവാനാണ് പദ്ധതിയെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.അജിത്കുമാർ അറിയിച്ചു. പുതിയ സംരംഭകർക്ക് 25 ലക്ഷംരൂപ വായ്പയും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി ഇളവുകൾ കൂടി ഉണ്ടാവുകയാണെങ്കിൽ പുതിയ സംരംഭകർ ഉണ്ടാവുമെന്ന് പലരും ചുണ്ടിക്കാട്ടി. യോഗത്തിൽ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, ജിജി തമ്പി ,സാജോ പൂവത്താനി, ലിസമ്മ സെബാസ്റ്റ്യൻ, പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺ മാന്തോട്ടം, പ്രൊഫ. സതീശ് ചൊള്ളാനി, ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ആർ.ടി,സി, പൊലീസ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി ജനപക്ഷമാവണം
സർവീസുകൾ നിർത്തരുത്, മുടക്കരുത്

പാലാ: കെ.എസ്.ആർ.ടി: സി അധികൃതരുടെ നടപടികൾക്കെതിരെ ജനസദസിൽ പരാതി പറഞ്ഞ് ബഹുജനം. മുടക്കിയ സർവീസുകൾ പുനരാരംഭിക്കണം, സർവീസുകൾ മുടക്കരുത്, കൂടുതൽ സർവീസുകൾ വേണം എന്നതായിരുന്നു പ്രധാന ആവശ്യം. എം.എൽ.എയുടെ നിർദ്ദേശാനുസരണം കെ.എസ്.ആർ.ടി.സിക്കു മാത്രമായി ജനസദസിൽ ചർച്ച സംഘടിപ്പിച്ചു.
ഏഴാച്ചേരി വഴിയുള്ള ബസ് നിർത്തിയതിനെതിരെയായിരുന്നു പരാതി കൂടുതലും. രേഖാമൂലം പരാതി തന്നവർക്ക് രേഖാമൂലം തന്നെ മറുപടി കൊടുക്കണമെന്ന് എംഎൽ.എ. പാലാ എ.റ്റി.ഒയോട് ആവശ്യപ്പെട്ടു. പരാതികൾ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് എ.ടി.ഒ.യോഗത്തിൽ അറിയിച്ചു. ബസുകളുടെയും ജീവനക്കാരുടെയും കുറവ് സർവീസുകളെ ബാധിക്കുന്നതായും സ്റ്റേ സർവീസുകൾക്ക് ജീവനക്കാർ തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് രാത്രി വിശ്രമത്തിന് തൃപ്തികരമായ സൗകര്യം ലഭ്യമാക്കിയാൽ സ്റ്റേ സർവീസുകൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേർക്കുവാൻ മാണി സി. കാപ്പൻ നിർദ്ദേശിച്ചു.