aaa

കോട്ടയം: വയനാട് ദുരന്തമുണ്ടാക്കിയ ആഘാതം കായൽ ടൂറിസത്തിൽ വലിയതോതിൽ പ്രതിഫലിക്കുകയാണ്. സഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. മൺസൂൺ കാല ആയുർവേദ ചികിത്സക്കായെത്തുന്ന സഞ്ചാരികൾക്കായി റിസോർട്ടുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടും സഞ്ചാരികൾ എത്തിയില്ലെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. കൊവിഡും, ഓഖിയും പ്രളയദുരന്തവുമെല്ലാം അതിജീവിച്ചു ടൂറിസം മേഖല പച്ചപിടിച്ചു വരുന്നതിനിടയിലാണ് പ്രകൃതി ദുരന്തം വില്ലനായി എത്തിയത്. കാറ്റും തോരാമഴയും ഇടിമിന്നലും ഹൗസ് ബോട്ടുകളെയും സാരമായി ബാധിച്ചു. നിപ്പ വൈറസ്, മസ്തിഷ്ക ജ്വരം തുടങ്ങിയ പകർച്ചവ്യാധികൾ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്തി. പ്രകൃതി ദുരന്തത്തോടെ ഉത്തരേന്ത്യൻ ടൂറിസ്റ്റുകളും യാത്ര ഒഴിവാക്കി. മൺസൂൺ ടൂറിസ ബുക്കിംഗ് പലരും റദ്ദാക്കിയതോടെ മിക്ക റിസോർട്ടുകളിലും മുറികൾ കാലിയാണ്.

സന്ദർശകർ കുറഞ്ഞു, വരുമാനം നിലച്ചു

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ടൂറിസം മേഖലയിലെ വരുമാനത്തിൽ 60 ശതമാനത്തിന്റെ കുറവുണ്ടായി. 2.18 കോടി സന്ദർശകർ കഴിഞ്ഞ വർഷം എത്തിയിരുന്നു. ഈ വർഷം ഒരു കോടി എത്തില്ലെന്നാണ് ടൂറിസം മേഖലയിലെ പ്രമുഖർ വിലയിരുത്തുന്നത്.

വയനാട് ഉരുൾപൊട്ടലിനു ശേഷം മുൻകൂട്ടി ബുക്ക് ചെയ്തവരിൽ 81 ശതമാനം പേരും യാത്ര റദ്ദാക്കി. പുതിയ ബുക്കിംഗുമില്ല. ദൈവത്തിന്റെ സ്വന്തം നാട് പ്രകൃതി ദുരന്ത ഭൂമിയായി മാറിയെന്ന ഉത്തരേന്ത്യൻ ടൂറിസം ലോബിയുടെ പ്രചരണവും ദോഷമായി.

കേരളത്തിലെ ടൂറിസം സീസൺ

ജൂലായ് മുതൽ സെപ്തംബർ വരെ

ആഗസ്റ്റ് പകുതിയായിട്ടും മിക്ക റിസോർട്ടുകളിലും ആളനക്കമില്ല.

നെഹ്റുട്റോഫി വള്ളംകളി അനിശ്ചിതത്വത്തിലായത് തിരിച്ചടിയായി

ഓണാഘോഷ പരിപാടികൾ വേണ്ടെന്നുവെച്ചത് വിദേശ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് കുറച്ചു.

ആലപ്പുഴയിൽ മാത്രമല്ല കുമരകത്തെ റിസോർട്ടുകളും കാലി

വയനാട് ദുരന്തവും നെഹ്റുട്രോഫി മാറ്റിവെയ്ക്കലും മൂലം മൺസൂൺ ടൂറിസം ബുക്കിംഗ് റദ്ദായി. കാലാവസ്ഥാ വ്യതിയാനവും പകർച്ച വ്യാധികളും ടൂറിസ്റ്റുകളെ അകറ്റുന്നു.

(കുമരകത്തെ റിസോർട്ട് ഉടമ )