കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കെട്ടിടത്തിന് സമീപത്ത് സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നു. ഇതോടെ ഇവിടെയെത്തുന്നവർക്ക് മൂക്കുപൊത്താതിരിക്കാനാവില്ല എന്നതാണ് അവസ്ഥ. പ്രസവവാർഡുകളുടെ സമീപത്താണ് ഇത്തരത്തിലൊരു ദുർഗതി എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. അന്യജില്ലകളിൽ നിന്നുൾപ്പെടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തുന്ന ആശുപത്രിയാണിത്. ടോയ്‌ലറ്റുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് മാറ്റിയിരുന്നു. ഇതേതുടർന്ന് സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്തെ മണ്ണും നീക്കിയിരുന്നു. ഇതോടെ ടാങ്കിൽ നിന്നും ജലം പുറത്തേയ്ക്ക് പരന്നൊഴുകി. ഗൈനക്കോളജി വിഭാഗം പ്രവേശനകവാടത്തിന് സമീപത്താണ് മാലിന്യം പരന്നൊഴുകുന്നത്.

ദുർഗന്ധം സഹിച്ച് കാത്തിരിപ്പുകാർ
ഗൈനക്കോളജി വിഭാഗം പ്രവേശനകവാടത്തിന് മുൻപിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ കാത്തിരിക്കുന്നത്. സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് ദീവസങ്ങളായെന്ന് ജീവനക്കാർ പറയുന്നു. അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയായില്ല. ഇവിടേക്ക് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇതിന് സമീപത്താണ്. രോഗികളും കൂട്ടിരിപ്പുകാരും അസഹ്യമായ ദുർഗന്ധം സഹിച്ച് കഴിയേണ്ട സ്ഥിതിയാണ്. പേ ആൻഡ് യൂസ് ടോയ്‌ലറ്റുകളിലെ ജീവനക്കാർ മാസ്‌ക് ധരിച്ചുവേണം ജോലി ചെയ്യുവാൻ.

വരാന്തകളിൽ കൂട്ടിരിപ്പുകാർ
കൂട്ടിരിപ്പുകാർക്കായി സമീപത്തായി മറ്റൊരു കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും 50 രൂപ നിരക്കിൽ പ്രതിദിനം വാടക നൽകണം. സാധാരണക്കാരായ രോഗികളുടെ കൂട്ടിരിപ്പുകാർ ഗൈനക്കോളജി വിഭാഗം കെട്ടിടത്തിന് മുൻപിലെ വരാന്തകളിലാണ് അഭയം പ്രാപിക്കുന്നത്. കൂട്ടിരിപ്പുകാർക്കായി പ്രവേശന ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും തുരുമ്പെടുത്ത നിലയിലുമാണ്.