ഏറ്റുമാനൂർ: നഗരസഭയിൽ വൈസ് ചെയർമാൻ കെ.ബി ജയമോഹനെതിരെ ഭരണകക്ഷിയായ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ക്വാറം തികയാതിരുന്നതിനെ തുടർന്ന് വരണാധികാരി ചർച്ചക്ക് എടുത്തില്ല. 35 അംഗങ്ങൾ ഉള്ള നഗരസഭയിൽ 14 പേർ മാത്രമാണ് എത്തിയത്. കേവല ഭൂരിപക്ഷം ലഭിക്കണമെങ്കിൽ 18 അംഗങ്ങൾ എങ്കിലും പങ്കെടുക്കണം. അതിനാൽ, വരണാധികാരി അവിശ്വാസപ്രമേയം ചർച്ചക്കെടുത്തില്ല. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ കേരള കോൺഗ്രസ് അംഗമായ ജയമോഹനെതിരെ പാർട്ടിമുന്നണി പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായി ആരോപിച്ച് യു.ഡി.എഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 35 അംഗങ്ങളുള്ള നഗരസഭയിൽ 12 അംഗങ്ങൾ ഉള്ള യു.ഡി.എഫ് മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. ഒരു സ്വതന്ത്രൻ ഉൾപ്പെടെ എൽ.ഡി.എഫ് 13, ബി.ജെ.പി ഏഴ് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. യു.ഡി.എഫ് അംഗങ്ങളായ 12 പേരും അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിരുന്നു. ഇന്നലെ അവിശ്വാസപ്രമേയം ചർച്ചക്ക് എടുത്തപ്പോൾ എൽ.ഡി.എഫും ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. യു.ഡി.എഫിനെ പിന്തുണക്കുന്ന സ്വതന്ത്ര അംഗം സുനിതാ ബിനീഷും ചർച്ചക്ക് എത്തിയില്ല. ക്വാറം തികയാതെ അവിശ്വാസ പ്രമേയത്തിനുള്ള അവസരം നഷ്ടമായതിനാൽ ഇനി ആറ് മാസത്തിന് ശേഷമെ വൈസ് ചെയർമാനെതിരെ പ്രമേയം കൊണ്ടുവരാൻ സാധിക്കൂ. നഗരസഭയിൽ നടക്കുന്ന അഴിമതികൾ പുറത്തുകൊണ്ടുവന്നതാണ് തനിക്കെതിരെ യു.ഡി.എഫ് തിരിയാൻ കാരണമെന്ന് ജയമോഹൻ പറയുന്നു.