seena

കോട്ടയം: ലിഫ്റ്റ് പ്രവർത്തനരഹിതമായതോടെ അംഗപരിമിതയായ ജില്ലാ വിദ്യാഭ്യാസ ഓഫീസറിന് ഓഫീസിൽ കയറി ചാർജെടുക്കാൻ കഴിഞ്ഞില്ല. കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചുമതലയേൽക്കാനെത്തിയ ഡി.ഇ.ഒ എ.സി സീനക്കാണ് ലിഫ്റ്റ് പ്രവർത്തിക്കാത്തതുമൂലം ഓഫീസിൽ പ്രവേശിക്കാൻ കഴിയാതെ പോയത്. തുടർന്ന് ഓഫിസിൽ നിന്നും രജിസ്റ്റർ ബുക്ക് താഴെ എത്തിച്ച് ചാർജെടുക്കുകയായിരുന്നു. ലിഫ്റ്റിന്റെ വൈദ്യുത ബിൽ അധികൃതർ അടക്കാത്തതാണ് ലിഫ്റ്റ് പ്രവർത്തിക്കാത്തത്. പിന്നീട് ലീവ് എടുത്തു മടങ്ങി. അടുത്ത ബുധനാഴ്ച ജോലിക്ക് ഹാജരാകാനാണ് തീരുമാനം അപ്പോഴേയ്ക്കും കെട്ടിടത്തിന്റെ ചുമതലയുള്ള വൈക്കം തഹസിൽദാർ വൈദ്യുത ബിൽ അടക്കുമെന്നുള്ള പ്രതീക്ഷയിലാണ്.
തൃശൂർ രാമവർമ്മപുരം വൊക്കേഷണൽ ഹൈസ്‌കൂളിൽ എച്ച്.എം ആയി ജോലി നോക്കിവരുകയായിരുന്ന സീന. 2023 ജനുവരിയിൽ പ്രമോഷൻ ലഭിക്കുന്നതിനായി എറണാകുളം ട്രൈബൂണൽ കോടതിയിൽ നിന്നും വിധി സമ്പാദിച്ചിരുന്നു. തുടർ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് വീണ്ടും കോടതിയെ സമീപിച്ചു. അംഗപരിമിതി പരിഗണിച്ച് തൃശൂരിൽ തന്നെ നിയമനം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചത് കടുത്തുരുത്തിയിലാണ്. ഇവിടെ ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത് മൂന്നാം നിലയിലാണ്. ബുധനാഴ്ച കടുത്തുരുത്തിയിലെത്തി വീട് വാടകയ്ക്ക് എടുത്തതിനുശേഷം വേണം ജോലിയിൽ പ്രവേശിക്കാൻ.