kvms-jn

പൊൻകുന്നം: റോഡ് നിറഞ്ഞ് മഴവെള്ളം കുത്തിയൊഴുകും. പിന്നെ ദേശീയപാതയിലൂടെയുള്ള യാത്ര അത്രയേറെ ദുഷ്കരമാകും. പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് നിന്ന് തുടങ്ങുന്ന വെള്ളമൊഴുക്ക് ഹൈസ്‌കൂളിന് മുന്നിലെത്തുന്നതോടെ കെ.വി.എം.എസ് ജംഗ്ഷൻ വരെ റോഡ് തോടായി മാറുകയാണ്. ഹൈസ്‌കൂളിന്റെ വിശാലമായ ഗ്രൗണ്ടിൽ നിന്നെത്തുന്ന വെള്ളം കൂടി ചേരുന്നതോടെയാണ് ഒഴുക്കിന്റെ ശക്തി വർദ്ധിക്കുന്നത്. സ്‌കൂൾ ഗ്രൗണ്ടിൽ നിന്നുള്ള നിരവധി ഓവുകൾ റോഡിലേക്ക് തുറന്നുവെച്ചിരിക്കുകയാണ്. ഈ വെള്ളം ഓടയിൽ പതിക്കാതെ നേരെ റോഡിലേക്കാണ് വീഴുന്നത്. വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ ഇരുചക്ര മുച്ചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ചെളിവെള്ളത്തിൽ കുളിക്കും. റോഡിനിരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങളിലും ചെളിവെള്ളമെത്തും.

റോഡ് തകരുന്നു

റോഡിന്റെ പലഭാഗങ്ങളും തകർന്നിട്ടുണ്ട്. നാട്ടുകാരും വ്യാപാരികളുമടക്കം പരാതിപ്പെട്ടിട്ടും നടപടിയില്ല. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മണ്ഡലം സെക്രട്ടറി ജി. ഹരിലാൽ ആവശ്യപ്പെട്ടു.