ചങ്ങനാശേരി: നഗരസഭയുടെ പുതിയ കൗൺസിൽ ഹാൾ തുറക്കുന്നത് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെട്ടിടത്തിൽ. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും അടിയന്തരമായി ബലപ്പെടുത്തണമെന്നുമുള്ള എൻജിനീയറിംഗ് വിഭാഗത്തിന്റെ നിർദേശങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് നഗരസഭ കാര്യാലയത്തിന്റെ രണ്ടാം നിലയിൽ 50 ലക്ഷം രൂപ ചെലവഴിച്ച് പഴയ കൗൺസിൽ ഹാൾ നവീകരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടാണ് പഴയ കൗൺസിൽ ഹാൾ ഉദ്ഘാടനം ചെയ്തത്. നഗരസഭയുടെ മറ്റ് പദ്ധതികളെ അപേക്ഷിച്ച് അതിവേഗമാണ് ഈ ഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിർമ്മാണ സമയത്ത് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന റവന്യൂ വിഭാഗം, ജനറൽ വിഭാഗം ഓഫീസിനുള്ളിൽ കോൺക്രീറ്റ് ഭാഗങ്ങൾ മുകളിൽ നിന്നും അടർന്ന് വീണിരുന്നു. സംഭവം ജീവനക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും പുറത്ത് പോകാതെ മൂടിവച്ച് ഹാളിന്റെ നിർമാണം പൂർത്തിയാക്കാനാണ് നഗരസഭ തിടുക്കം കാട്ടിയത്. റവന്യു വിഭാഗം ഓഫീസിനുള്ളിൽ കോൺക്രീറ്റ് ഭാഗം പലയിടങ്ങളിലും അടർന്നുവീണ് ഇരുമ്പ് കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്. രണ്ടാം നിലയിലേക്കുള്ള കോൺക്രീറ്റ് പടവുകളും അടർന്ന് ഇടിഞ്ഞ് വീഴുകയാണ്. 90 ശതമാനത്തോളം പൂർത്തിയാക്കിയ ഹാൾ അടുത്ത ദിവസം തന്നെ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പുതിയ ടൈലുകൾ, ചുവരുകളിൽ തടിയിൽ തീർത്ത പാനലിംഗ്, റൂഫിംഗ് അടക്കമുള്ള ജോലികളാണ് പൂർത്തിയായിരിക്കുന്നത്.