കോട്ടയം: ഹയറിംഗ് സ്ഥാപനത്തിലുണ്ടായ അഗ്നിബാധയിൽ നാലു ലക്ഷം രൂപയുടെ നാശനഷ്ടം. പാക്കിൽ കവലയിൽ പ്രവർത്തിക്കുന്ന വാലയിൽ ഹയറിംഗ് ബിൽഡിംഗിലെ സഖറിയ പി.ജോണി (റെജി) യുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. സ്ഥാപന ഉടമ റെജി കട തുറന്നശേഷം മറിയപ്പള്ളിയിലെ സംസ്‌കാര സ്ഥലത്ത് സാധനം കൊടുക്കുന്നതിനായി പോയതായിരുന്നു. ഈ സമയത്താണ് കടയിൽ തീപടർന്നത്. കോട്ടയത്ത് നിന്നെത്തിയ അഗ്നിശമനസേനയും ചിങ്ങവനം പൊലീസും ചേർന്നാണ് തീയണച്ചത്.
സാധനങ്ങൾ സൂക്ഷിക്കുന്ന കടയ്ക്കുള്ളിൽ പ്ലാസ്റ്റിക് ഉപകരണങ്ങളും, പ്ലാസ്റ്റിക്ക് വീപ്പകളുമുണ്ടായിരുന്നു. ഇവ കത്തിയതോടെ വലിയ പുകയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. കൂടുതൽ അപകടം ഒഴിവാക്കാൻ കെ.എസ്.ഇ.ബി അധികൃതർ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സംഭവത്തെ തുടർന്ന് പാക്കിൽ കടുവാക്കുളം റോഡിൽ ഗതാഗതവും തടസപ്പെട്ടു. നഗരസഭ അംഗങ്ങളായ ടി.എൻ സരസമ്മാൾ, കെ. ശങ്കരൻ, കോൺഗ്രസ് നേതാവ് അനീഷ് വരമ്പിനകം എന്നിവരും സ്ഥലത്തെത്തിയിരുന്നു.