കോട്ടയം: ഇവിടെയൊരു നടപ്പാതയുണ്ട്. പക്ഷേ കണ്ടെത്തണമെങ്കിൽ പുല്ല് വകഞ്ഞുമാറ്റണം. യാത്രയോ അതികഠിനവും. മെഡിക്കൽ കോളേജ് ആർപ്പൂക്കര റോഡിൽ മുടിയൂർക്കര ഭാഗത്തെ നടപ്പാതകളാണ് കാടുമൂടിയത്. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കും നിരവധി കാൽനടയാത്രക്കാർക്കും ഇതോടെ ദുരിതമായി. ഇഴ‌ജന്തുക്കളെ ഭയന്ന് തിരക്കേറിയ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. സംരക്ഷണവേലി ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള നടപ്പാതയാണ് പൂർണമായും കാടുമൂടിയത്. ഹോസ്റ്റലിലേക്കും ഐ.സി.എച്ചിലേയ്ക്കുമായി നിരവധി പേരാണ് ദിനംപ്രതി ഇതുവഴിയെത്തുന്നത്. കാൽനടയാത്രക്കാർ തിരക്കേറിയ റോഡിലേയ്ക്ക് ഇറങ്ങി നടക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു.

വെള്ളക്കെട്ടും പായലും:
മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിലെ നടപ്പാതയിൽ വെള്ളക്കെട്ടും പായലുമാണ് മറ്റൊരു ദുരിതം. ആശുപത്രിയ്ക്ക് മുൻവശത്തെ പ്രധാന റോഡരികിലെ നടപ്പാതയ്ക്ക് സമീപത്തെ ഓടനിറഞ്ഞതാണ് വലിയരീതിയിലുള്ള വെള്ളക്കെട്ടിന് കാരണം. നടപ്പാതകളിൽ വെള്ളം തങ്ങിനിന്ന് പായലും രൂപപ്പെട്ടു. ചെളിമണ്ണും ചരലും നടപ്പാതയിൽ നിറഞ്ഞതും വിനയാകുകയാണ്.

നടപ്പാതയിലെ കാടുകൾ വെട്ടിനീക്കണം. ഓടകളിലെ മണ്ണും ചെളിയും നീക്കി വെള്ളക്കെട്ട് ഒഴിവാക്കണം. (യാത്രക്കാർ, വിദ്യാർത്ഥികൾ).