കടനാട് : നിറയെ കുണ്ടും കുഴിയും. ഒപ്പം വശങ്ങളിൽ തലയുയർത്തി നിൽക്കുന്ന കാട്ടുവള്ളികൾ. എല്ലാത്തിനുമപ്പുറം ഡ്രൈവർമാരുടെ അശ്രദ്ധയും... കാവുംകണ്ടം റോഡിൽ പിന്നെങ്ങനെ അപകടം ഒഴിയുമെന്നായി നാട്ടുകാരുടെ ചോദ്യം. കാവുംകണ്ടത്തെ യാത്രക്കാർ ജീവൻ കൈയിൽപിടിച്ചാണ് ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്. കുഴികളൊന്ന് നികത്താനോ കാട് വെട്ടിയൊതുക്കാനോ ബന്ധപ്പെട്ട അധികാരികൾക്ക് സമയമില്ല. ഇത് ചോദ്യം ചെയ്യാൻ തന്റേടമുള്ള ജനപ്രതിനിധികളുമില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അവയൊക്കെ ചവറ്റുകൊട്ടയിൽപോയ അനുഭവമാണുള്ളത്.

കെണിയുണ്ട്, ഒപ്പം മരണപ്പാച്ചിലും

റോഡിന്റെ ശോച്യാവസ്ഥയും അശ്രദ്ധമായ ഡ്രൈവിങ്ങും കാവുംകണ്ടം റോഡിൽ അപകടങ്ങളും പതിവാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ബസിടിച്ച് ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന മറ്റത്തിപ്പാറ സ്വദേശി പള്ളിപടിക്കൽ ജിസ് ജെയിംസിനാണ് സ്വകാര്യ ബസിടിച്ച് പരിക്കേറ്റത്. തെറ്റായ ദിശയിൽ കൂടി പാഞ്ഞുവന്ന ബസ് ബൈക്കിലിടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു.

അപകടഭീഷണി ഒഴിവാക്കണം

റോഡിലെ കുഴികൾ നികത്തിയും വശങ്ങളിലെ കാട് വെട്ടിത്തെളിച്ചും അപകടഭീഷണി ഒഴിവാക്കണമെന്ന് എ.കെ.സി.സി പിതൃവേദി യൂണിറ്റ് ആവശ്യപ്പട്ടു. ഫാ.സ്കറിയ വേകത്താനം, ജോജോ ജോസഫ്, ഡേവിസ് കെ. മാത്യു, ബേബി,രാജു അറയ്ക്കകണ്ടത്തിൽ, സാബു, അഭിലാഷ്, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.