പാലാ: സ്വാതന്ത്ര്യദിനത്തിൽ കരൂർ പഞ്ചായത്ത് കുടക്കച്ചിറ പള്ളിത്താഴെ സാംസ്‌കാരിക കേന്ദ്രത്തിനു മുന്നിൽ കരൂരിലെ പാറമടകൾക്കെതിരെ സമരസമിതി നിരാഹാര പ്രാർത്ഥനാ യജ്ഞം നടത്തി. സമരത്തിനു പിന്തുണയുമായി വിവിധ ജനപ്രതിനിധികളായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, മാണി.സി. കാപ്പൻ, ജോർജ് കുളങ്ങര, രാജേഷ് വാളിപ്‌ളാക്കൽ, ജോയി കളരിക്കൽ തുടങ്ങിയവർ സമരപന്തലിലെത്തി. കരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത അലംഭാവവും കെടുകാര്യസ്ഥതയുമാണ് പാറമടകൾ വരാൻ കാരണമെന്നും ഇതിന് ഉത്തരവാദികൾ പഞ്ചായത്ത് ഭരണസമിതി മാത്രമാണെന്നും സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തി. കുടക്കച്ചിറ പള്ളി വികാരി ഫാ. തോമസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച, കരൂർ പഞ്ചായത്തിലെ രണ്ടു പച്ചപ്പു നിറഞ്ഞ ഗ്രാമങ്ങളാണ് കുടക്കച്ചിറയും, വലവൂരും. എന്നാൽ മനുഷ്യ നിർമ്മിതമായ മൂന്നു പാറമടകൾ അവയെ തുരന്നു നശിപ്പിക്കുകയാണ്. കലാമുകുളം വ്യൂ പോയിന്റിനു താഴെയും സെന്റ് തോമസ് മൗണ്ടിനു താഴെയും കൂവയ്ക്കൽ മലയടിവാരത്തിലും, കോടിക്കണക്കിനു വർഷങ്ങളായി രൂപപ്പെട്ട പാറ, നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികൾക്ക് ഖനനം ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി കൊടുത്തിരിക്കുകയാണെന്ന് ഭരണസമിതി നേതാക്കൾ കുറ്റപ്പെടുത്തി
സമരസമിതി ഭാരവാഹികളായ കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്‌കൂൾ മാനേജർ ഫാ.തോമസ് മഠത്തിപ്പറമ്പിൽ, പാറമട വിരുദ്ധ സംയുക്ത സമര സമിതി കൺവീനർ ഡോ.ജോർജ് ജോസഫ് പരുവനാടി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, പരിസ്ഥിതി പ്രവർത്തക നിത നിരാകൃത എന്നിവർ സമരത്തിന് നേതൃത്വം നൽകി.