പള്ളിക്കത്തോട്: ഒന്നാംമൈൽ താന്നിമൂട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. അധികാരികൾ തിരിഞ്ഞുനോക്കുന്നില്ല. റോഡിന്റെ ദൂരം എട്ട് കിലോമീറ്ററാണ്. പൊൻകുന്നം കോട്ടയം റൂട്ടിലോടുന്ന ഒരു കെ.എസ്.ആർ.ടി.സി.ബസ് അടക്കം നാല് ബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. കൂടാതെ നിരവധി സ്‌കൂൾബസുകളും മറ്റ് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നു. സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും തൊഴിലാളികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി ബസുകളിലും മറ്റ് വാഹനങ്ങളിലുമായി യാത്ര ചെയ്യുന്നത്. റോഡ് തകർന്നതിനാൽ വാഹനങ്ങൾക്ക് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. ടാക്സി കാറുകളും ഓട്ടോറിക്ഷയും ഈ ഭാഗത്തേക്ക് ഓട്ടം വരാൻ മടിക്കുകയാണെന്ന് പ്രദേശവാസികൾ. റോഡ് നന്നാക്കണമെന്ന ആവശ്യത്തിനും പരാതികൾക്കും ഒരു പരിഗണനയും നൽകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
തകർന്നുകിടക്കുന്ന പള്ളിക്കത്തോട് ഒന്നാം മൈൽ താന്നിമൂട് റോഡ് എത്രയും വേഗം നന്നാക്കി നാട്ടുകാരുടെ ദുരിതത്തിന് അറുതി വരുത്തുവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം.
പി.കെ.ശശി സെക്രട്ടറി എസ്.എൻ.ഡി.പി.യോഗം ഇളമ്പള്ളി ശാഖ.